അപകടകരമായി ചരിഞ്ഞുനിൽക്കുന്ന ഫ്ലക്സിനടിയിലൂടെ ആളുകൾ കടന്നുപോകുന്നു
കൊല്ലം: നഗരഹൃദയമായ ചിന്നക്കടയിൽ നടപ്പാതയിലെ കൈവരിയിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡ് അപകടഭീഷണിയുയർത്തി ചരിഞ്ഞനിലയിൽ. ചിന്നക്കടയിൽ പെട്രോൾ പമ്പിന് സമീപം റെയിൽവെ കോമ്പൗണ്ടിനോട് ചേർന്ന നടപ്പാതയിലെ സ്റ്റീൽ കൈവരിയിൽ സ്ഥാപിച്ച ഫ്ലക്സാണ് കാറ്റുപിടിച്ചതോടെ നടപ്പാതയിലേക്ക് തന്നെ ചരിഞ്ഞത്. ഫ്ലക്സ് ഈ രീതിയിൽ ചരിഞ്ഞതോടെ, കഴിഞ്ഞ വർഷം സ്ഥാപിച്ച പുതിയ സ്റ്റീൽ കൈവരിയും ചുവടോടെ ഇളകിയനിലയിലാണ്. റെയിൽവെ കോമ്പൗണ്ടിലെ പോസ്റ്റിൽ തട്ടിനിന്നതുകൊണ്ടുമാത്രമാണ് കൈവരിയും ഫ്ലക്സും പൂർണമായി നിലംപതിക്കാത്തത്. അപകടം അറിയാതെ നിരവധി കാൽനട യാത്രക്കാരാണ് ഇതിന്റെ അടിയിലൂടെ നടന്നുപോകുന്നത്.
ലക്ഷങ്ങൾ ചെലവിട്ട് ചിന്നക്കടയിൽ നടപ്പാത നവീകരണം നടത്തിയപ്പോഴാണ് കഴിഞ്ഞവർഷം പുതിയ സ്റ്റീൽ കൈവരികൾ ഉൾപ്പെടെ സ്ഥാപിച്ചത്. ഇതാണ് ഇപ്പോൾ ഒരു ഫ്ലക്സ് ചരിഞ്ഞതിനൊപ്പം വീഴാൻ നിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നടപ്പാതകളിൽ ഫ്ലക്സുകൾ സ്ഥാപിക്കുന്നതിനെതിരെ ഹൈകോടതി നിർദേശം ഉൾപ്പെടെ നിലനിൽക്കുകയും കോർപറേഷന് പിഴ ചുമത്താൻ അധികാരം ഉണ്ടായിരിക്കെയുമാണ് കോർപറേഷന്റെ തന്നെ സ്വന്തം കൈവരി ഫ്ലക്സിനൊപ്പം നിലംപൊത്താറായ നിലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.