മൺസൂൺ മുന്നൊരുക്കയോഗം

കരുനാഗപ്പള്ളി: താലൂക്കിൽ മൺസൂൺ മുന്നൊരുക്കവുമായി ബന്ധപ്പെട്ടുള്ള യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. സി.ആർ. മഹേഷ് എം.എൽ.എ, ചവറ എം.എൽ.എയുടെ പ്രതിനിധി, പഞ്ചായത്ത് പ്രസിഡൻറുമാർ, തഹസിൽദാർ, പി.ഡബ്ല്യു.ഡി റോഡ്സ്, മേജർ ആൻഡ്​ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളി താലൂക്ക് പരിധിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. സമയബന്ധിതമായി പരിഹരിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ സി.ആർ. മഹേഷ് എം.എൽ.എ നിർദേശിച്ചു. ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കേണ്ട വിഷയങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിമാർ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചു. തഴത്തോട്, പറ്റോലിതോട് മുതലായവയുടെ നവീകരണം വേഗത്തിലാക്കുവാൻ നിർദേശിച്ചു. പള്ളിക്കൽ ആറിലെ തടയണകൾ പൊട്ടിച്ചുമാറ്റി ഒഴുക്ക് സുഗമമാക്കിയതായി മേജർ ഇറിഗേഷൻ അസി.എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ആലപ്പാട് കടൽഭിത്തിയുടെ നിർമാണത്തിന് പാറയുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് കലക്ടർ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് ഇറിഗേഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പഞ്ചായത്ത് തലത്തിൽ സെക്രട്ടറി, വില്ലേജ് ഓഫിസർമാർ, ആരോഗ്യവകുപ്പ്, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ യോഗം നടത്തി, മഴക്കാല മുന്നൊരുക്കം സജ്ജീകരിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും ഓച്ചിറ ബ്ലോക്ക് പ്രസിഡൻറും വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരും ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.