കൊല്ലം: മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയക്കെതിരെ ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി, പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് പകരുന്നത്. വീടിന്‍റെ ഉള്ളില്‍ പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, റെഫ്രിജറേറ്ററുകളുടെ ഡീഫ്രോസ്റ്റ് ട്രേ, സണ്‍ഷേയ്ഡ്, മേല്‍ക്കൂര, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകള്‍, കൂളറുകള്‍, മേയാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, അലങ്കാരച്ചെടികള്‍ വെച്ചിരിക്കുന്ന പാത്രം തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം. എലികള്‍, മറ്റു മൃഗങ്ങള്‍ എന്നിവയുടെ മൂത്രത്താല്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് എലിപ്പനി പകരുന്നത്. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കൃഷി സംബന്ധമായ ജോലി ചെയ്യുന്നവര്‍, മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങയിവര്‍ മുന്‍കരുതലായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ സൗജന്യമായി ലഭിക്കുന്ന ഡോക്‌സി സൈക്ലിന്‍ ഗുളിക ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നിവയെ പ്രതിരോധിക്കുന്നതിന് ശുചിത്വം കര്‍ശനമായി പാലിക്കണം. പനി, തലവേദന, ഛര്‍ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം. ഇടക്കിടെ സോപ്പുപയോഗിച്ചു കൈകള്‍ കഴുകുന്നത് വയറിളക്ക രോഗങ്ങളുടെ വ്യാപനത്തോത് കുറക്കും. ആഹാരത്തിന് മുമ്പും, ശൗചാലയ ഉപയോഗ ശേഷവും സോപ്പുപയോഗിച്ചു കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണര്‍ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം. ഹോട്ടലുകളിലും സോഡ നിര്‍മാണ യൂനിറ്റുകളിലും ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തണം. പാല്‍, ഐസ്‌ക്രീം എന്നിവ വെക്കുന്ന ഫ്രീസറില്‍ പച്ച മാംസം/മത്സ്യം എന്നിവ വെക്കരുത്. രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, പേവിഷബാധക്കുള്ള ഐ.ഡി.ആര്‍.വി, ഒ.ആര്‍.എസ്, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവയും മറ്റ് അവശ്യ മരുന്നുകളും ജില്ലയില്‍ ആവശ്യത്തിന് ലഭ്യമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.