ജലജന്യ-പകര്‍ച്ച രോഗങ്ങള്‍ക്കെതിരെ സുശക്ത മുന്‍കരുതല്‍ - കലക്ടര്‍

(ചിത്രം) കൊല്ലം: ട്രോളിങ് നിരോധനവും മഴക്കാലവും മുന്‍നിർത്തി ജില്ലയില്‍ വിവിധ രോഗങ്ങളുടെ വ്യാപന ത്തിനെതിരെ സുശക്ത നടപടികളിലൂടെ ജാഗ്രത വര്‍ധിപ്പിക്കുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ചേംബറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പകര്‍ച്ചരോഗ വ്യാപനനിലയും മുന്‍കരുതലുകളും വിലയിരുത്തി തുടര്‍നടപടികള്‍ക്ക് രൂപം നല്‍കി. ട്രോളിങ് നിരോധന വേളയില്‍ ജലജന്യരോഗങ്ങള്‍ പകരാതിരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. നടപടികള്‍ ജൂണ്‍ 15നകം പൂര്‍ത്തീകരിക്കണം. ബോട്ടുകളിലും ബോട്ട്‌ജെട്ടിയിലും ബോട്ടുകള്‍ക്ക് ചുറ്റുമുള്ള ടയറുകളിലും യാര്‍ഡുകളിലും വെള്ളം കെട്ടിനിർത്തരുത്. ടയറുകളില്‍ വെള്ളം കെട്ടാതിരിക്കാന്‍ ചുറ്റും ദ്വാരങ്ങള്‍ ഇടണം. ബോട്ടിനുള്ളിലും ടാങ്കുകളിലും വെള്ളം തങ്ങുന്നതിന് ഇടയാക്കരുത്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 31 വരെ ശുചീകരണ കാമ്പയിന്‍ നടക്കും. 24ന് പൊതുസ്ഥല ശുചീകരണം, 26ന് സ്ഥാപനശുചീകരണം, 28ന് വീടുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കും. ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മസേനക്കും പ്രത്യേക പരിശീലന പരിപാടിയാണ് നടത്തുക. എല്ലാ വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് കാമ്പയിന്‍. ജില്ലയില്‍ 27 പേര്‍ക്ക് ഡെങ്കിപ്പനി; 80 പേര്‍ നിരീക്ഷണത്തിൽ കൊല്ലം: ജില്ലയിൽ 27 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 80 പേരെ നിരീക്ഷണത്തിലാക്കി. താമരക്കുളം, ഉളിയക്കോവില്‍, തങ്കശ്ശേരി, തിരുമുല്ലവാരം, കടപ്പാക്കട, ഉദയ മാര്‍ത്താണ്ഡം പി.എച്ച്.സി പ്രദേശം, തേവലക്കര വാർഡ് നാലും പത്തും കുലശേഖരപുരം വാർഡ് 17, ചവറ വാർഡ് - അഞ്ച്, 10, 13, ഇളമ്പള്ളൂര്‍ -എട്ട്, ഇട്ടിവ -മൂന്ന്, തൃക്കരുവ -10, കെ.എസ്. പുരം -12,22, ആര്യങ്കാവ് - അഞ്ച്, ഒമ്പത്, പാലത്തറ -32, അഞ്ചല്‍ - അഞ്ച്, ആറ്, 18, കുരീപ്പുഴ, കച്ചേരി, ചീവോട്, കമുകുംചേരി, കടശ്ശേരി, ചെക്കം എന്നിവയാണ് ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ. നാല് എലിപ്പനി മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി നിവാരണത്തിന്‍റെ ഭാഗമായി 23ന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ 'ഡോക്സി വാഗണ്‍' കാമ്പയിന്‍ ആരംഭിക്കും. വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശങ്ങള്‍, നിർമാണസ്ഥലങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങളുടെ പ്രവര്‍ത്തനസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ മരുന്നുവിതരണവും ബോധവത്കരണ പരിപാടികളുമുണ്ടാകുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.ആര്‍. സന്ധ്യ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, ഹാര്‍ബര്‍ എന്‍ജിനീയര്‍ സുനില്‍ സാമുവല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് ജോസ് കെ. ജോര്‍ജ്, ശക്തികുളങ്ങര മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീബ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.