കാട്ടാനയെ കണ്ട് ഭയന്നോടിയ ബൈക്ക് യാത്രക്കാരന്‍റെ കലൊടിഞ്ഞു; ബസ് യാത്രക്കാരെയും വിറപ്പിച്ച് കൊമ്പൻ

പുനലൂർ: മുന്നിലെത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയ ബൈക്ക് യാത്രക്കാരൻ വീണ്​ കാലൊടിഞ്ഞു. ഈ സമയമെത്തിയ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരേയും ആന ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ ആറരയോടെ കഴുതുരുട്ടി- അമ്പനാട് റോഡിലായിരുന്നു ഒറ്റയാൻ ഭീതി പരത്തിയത്. അമ്പനാട് മെത്താപ്പ് ലയത്തിൽ വിരമിച്ച തോട്ടം തൊഴിലാളിയായ ഗണേശൻ( 63) പാലുമായി ബൈക്കിൽ ഒമ്പത് മുക്കിലേക്ക് വരുമ്പോഴായിരുന്നു തൊട്ടടുത്തുള്ള എസ്റ്റേറ്റിൽനിന്നു കൊമ്പൻ കാട്ടുപാതയിലൂടെ ഓടിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം മുന്നോട്ടുപോയാൽ ആപത്താകുമെന്ന് കണ്ട് ഗണേശൻ ബൈക്കും പാലും ഉപേക്ഷിച്ച് കുറേ ദൂരം പിന്നോട്ടോടി എസ്റ്റേറ്റിലൂടെ കാട്ടിലൊളിച്ചു. ഓട്ടത്തിനിടെ വീണ് വലതുകാലിന് ഒടിവുപറ്റി. മൊബൈലിലൂടെ എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചതനുസരിച്ച് തൊഴിലാളികളെത്തി ഗണേശനെ കാട്ടിൽനിന്നു കണ്ടെത്തി തെങ്കാശി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഈ സമയത്താണ് ആര്യങ്കാവ് ഡിപ്പോയിലെ അമ്പനാട്- തെങ്കാശി ബസ് ഇതുവഴി വന്നത്. മുന്നിൽ ആനയെ കണ്ടതോടെ ധൈര്യം കൈവിടാതെ ഡ്രൈവർ എ. റഫീഖ് ബസ് നിർത്തിയെങ്കിലും എൻജിൻ ഓഫാക്കാതെ ഇരപ്പിച്ച് ഏറെ സമയം ശബ്ദം ഉണ്ടാക്കി. ഇതോടെ ആന പാത വിട്ട് വീണ്ടും കാട്ടിലേക്ക് കയറുകയായിരുന്നു. ഈ മേഖലയിൽ എല്ലായിടത്തും കാട്ടാന പതിവാണെങ്കിലും ബസിന് മുന്നിൽ എത്തുന്നത് ആദ്യമാണ്. (ചിത്രം ഈമെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.