കൊല്ലം: ഒറ്റപ്പെട്ട മഴ പെയ്യുന്ന ജില്ലയിൽ അടുത്ത ദിവസങ്ങളിലും മഴ കനക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴയായിരിക്കും ലഭിക്കുക. 17, 18 തീയതികളിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് ഉള്ള ദിവസങ്ങളിലും മലയോര മേഖലയിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചവരെ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ശ്രദ്ധിക്കാം: *കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. * കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. *അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മാറി താമസിക്കണം *സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. *ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത് *ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത് *മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. *കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും കരുതിയിരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.