പറവൂർ: തീരദേശ പഞ്ചായത്തുകളിൽ ഒന്നായ വടക്കേക്കര പഞ്ചായത്തിൽ പതിറ്റാണ്ടുകളായി ഭരണം കൈയാളുന്ന ഇടതിന്‍റെ വൻമതിൽ തകർത്ത് ഭരണം പിടിക്കാൻ യു.ഡി.എഫ് കച്ചകെട്ടിയപ്പോൾ ഏത് വിധേനെയും കോട്ടകാക്കാൻ കൈമെയ്യ് മറന്നുള്ള പ്രവർത്തനമാണ് എൽ.ഡി.എഫ് നടത്തുന്നത്.
മത്സ്യത്തൊഴിലാളികളും കയർ, ചെത്ത് തുടങ്ങിയ പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്ന ഈ പഞ്ചായത്ത് ഒരിക്കൽപോലും കോൺഗ്രസിനോ യു.ഡി.എഫിനോ വിജയം നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളലെല്ലാം എൽ.ഡി.എഫിന്റെ ശക്തികുറഞ്ഞുവരുന്ന കാഴ്‌ചയാണ് കണ്ടുവരുന്നത്. നിലവിൽ എൽ.ഡി.എഫ് -10, യു.ഡി.എഫ് -8, ബി.ജെ.പി -2 എന്നിങ്ങനെയാണ് കക്ഷിനില.
ബി.ജെ.പി ജയിച്ച രണ്ട് വാർഡ് സി.പി.എമ്മിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. രണ്ട് വാർഡിൽ യു.ഡി.എഫ് പത്തിൽതാഴെ വോട്ടിനാണ് പരാജയപ്പെട്ടത്. മാത്രമല്ല, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വടക്കേക്കര പഞ്ചായത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത് കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്.
അതേസമയം, കഴിഞ്ഞതവണ നേരിട്ട തിരിച്ചടി പാഠമായി ഉൾക്കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരുക്കമാണ് ചെയ്തിട്ടുള്ളതെന്നാണ് എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സൂചന. ആകെയുള്ള 21 വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. സനീഷ്, നിലവിൽ മെംബർമാരായ സൈബ സജീവ്, മിനി വർഗീസ് മാണിയാറ, മുൻ അംഗം സി.ബി. ബിജി, കെ.ബി. ബിൻഷാദ് തുടങ്ങിയവരെ അണിനിരത്തിയാണ് ഇടതിന്‍റെ തേരോട്ടം. 12 വനിത സ്ഥാനാർഥികളെയും എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുണ്ട്. യു.ഡി.എഫ് ആകട്ടെ മുഴുവൻ വാർഡിലും കൈപ്പത്തി ചിഹ്നത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. ഇതിൽ 11 വാർഡുകളിൽ വനിത സ്ഥാനാർഥികളാണ്. എം.ഡി. മധുലാൽ, ടി.കെ. ഷാരി, കെ.കെ. ഗിരീഷ് എന്നീ മുൻ പഞ്ചായത്ത് അംഗങ്ങൾ ഒഴികെ മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.