പട്ടാലിലെ ജോ. ആര്.ടി.ഒ ഓഫിസിന്റെ
ഇ-സേവന കേന്ദ്രത്തിലുണ്ടായ തീപിടിത്തില്‍ കത്തിനശിച്ച ഫയലുകളും ഫർണിച്ചറും
പെരുമ്പാവൂര്‍: എ.എം റോഡിലെ പട്ടാലില്‍ ജോ. ആര്.ടി.ഒ ഓഫിസിന്റെ ഇ-സേവന കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായി. വ്യാഴാഴ്ച പുലര്‍ച്ച ആറോടെയാണ് സംഭവമുണ്ടായത്. തൊട്ടടുത്തുള്ള അഗ്നിരക്ഷ നിലയത്തില്‍നിന്ന് സേന എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്.ടി.ഒ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് ഇ-സേവന കേന്ദ്രം.
പുലര്‍ച്ച ഇവിടെ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപത്തെ ഹോട്ടല്‍ ജീവനക്കാര്‍ അഗ്നിരക്ഷസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇ-സേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു.
ആര്.ടി.ഒ ഓഫിസിലെ റെക്കോര്‍ഡ് മുറിയിലേക്ക് ജനലിലൂടെ തീ പടര്‍ന്നെങ്കിലും പെട്ടെന്ന് അണച്ചതിനാല്‍ കാര്യമായ നാശമുണ്ടായില്ല. പഴയ ലൈസന്‍സുകളും ആര്.സി ബുക്കുകളും ഇരിക്കുന്ന മുറിയായിരുന്നു ഇത്. ജനലുകളും മറ്റ് ഫര്‍ണിച്ചറുകളും അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്.ടി.ഒ ഓഫിസിലെ രേഖകള്‍ക്കോ കമ്പ്യൂട്ടറുകള്‍ക്കോ നാശമുണ്ടായിട്ടില്ലെന്ന് ജോ. ആര്.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.