പറവൂർ ബ്ലോക്ക്; കോട്ട കീഴടക്കാൻ യു.ഡി.എഫ്, നിലനിർത്താൻ എൽ.ഡി.എഫ്

പറവൂർ: മൂന്ന് പതിറ്റാണ്ടായി ചുവപ്പുകോട്ടയായി നിലകൊള്ളുന്ന പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ മുഴുവൻ തന്ത്രങ്ങളും പയറ്റി യു.ഡി.എഫ് പടനയിക്കുമ്പോൾ നിലനിർത്താൻ മറുതന്ത്രം മെനഞ്ഞ് എൽ.ഡി.എഫും പോരാടുന്ന കാഴ്ചയാണ് 14 ഡിവിഷനുകളിൽ കാണുന്നത്. 1995 മുതൽ ഇടത് ആധിപത്യമാണ്. കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പറവൂർ ബ്ലോക്ക് ഡിവിഷൻ.

മൂന്ന് പതിറ്റാണ്ടായി ഭരണം നടത്തുന്നത് എൽ.ഡി.എഫാണ്. അതുകൊണ്ട് തന്നെ ഇവിടെ വിയർപ്പൊഴാക്കാതെ ഇടത് സ്ഥാനാർഥികൾ വിജയിച്ചു പോരുന്നത് തുടർക്കഥയാണ്. എന്നാൽ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സസഭ തെരഞ്ഞെടുപ്പിലും ഈ പഞ്ചായത്തുകളിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത് കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്.

കോൺഗ്രസ് തനിച്ചാണ് എല്ലാ ഡിവിഷനിലും മത്സരിക്കുന്നത്. ചേന്ദമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.വി. മണി, മുൻ വൈസ് പ്രസിഡന്‍റ് ബെന്നി പുളിക്കൽ, കുഞ്ഞിത്തൈ സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ് ടി.കെ. ബാബു, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. സൈജൻ, ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. പത്മകുമാരി തുടങ്ങിയവരാണ് ഇക്കുറി ചുവപ്പുക്കോട്ട പിടിക്കാൻ മുൻനിരയിലുള്ളത്.

മൂന്ന് പതിറ്റാണ്ടായുള്ള എൽ.ഡി.എഫ് ഭരണം അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതം നിറഞ്ഞതുമാണെന്ന ആക്ഷേപം ഉയർത്തിയാണ് യു.ഡി.എഫ് വോട്ട് അഭ്യർഥിക്കുന്നത്. ഇത്തവണ അട്ടിമറി വിജയംനേടി ചരിത്രം കുറിക്കണമെന്ന വാശിയിലാണ് യു.ഡി.എഫ്.

ജനക്ഷേമകരവും വികസനപരവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന എൽ.ഡി.ഫിന് തുടർഭരണം വേണമെന്ന ആവശ്യം ഉയർത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശക്തമായ രാഷ്ട്രീയ അടിത്തറയും സംഘടനശേഷിയുമുള്ള നേതൃത്വവും ഉള്ളതിന്‍റെ ആത്മവിശ്വാസവും തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് എൽ.ഡി.ഫ്.

അഖിൽ ബാവച്ചൻ, റിനു ഗിലീഷ്, ചേന്ദമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ടി.ജി. അനൂപ്, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിജ വിജു, ചിറ്റാറ്റുകര പഞ്ചായത്ത് അംഗം എം.എ. സുധീഷ്, വടക്കേക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് വർഗീസ് മാണിയറ, എ.ഐ.വൈ.എഫ് നേതാവ് നിമിഷ രാജു എന്നിവരാണ് ഗോദയിൽ.

പത്ത് സീറ്റിൽ സി.പി.എമ്മും, മൂന്ന് സീറ്റിൽ സി.പി.ഐയും ഒരു ഡിവിഷനിൽ സി.പി.ഐ സ്വതന്ത്രയുമാണ് മത്സരിക്കുന്നത്. ബി.ജെ.പി-എൻ.ഡി.എ സഖ്യം 10 സീറ്റിൽ ബി.ജെ.പിയും രണ്ട് സീറ്റിൽ ബി.ഡി.ജെ.എസും മത്സരിക്കുമ്പോൾ മന്നം, ചേന്ദമംഗലം ഡിവിഷനുകളിൽ എൻ.ഡി.എ സ്ഥാനാർഥികളില്ല. 

Tags:    
News Summary - Paravur Block Panchayat local body election news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.