ആലുവ ജില്ല ആശുപത്രിയിൽ കഴിയുന്ന മുരളീധരൻ പിള്ള

മുഖ്യമന്ത്രിയുടെ കനിവ്​ തേടി 81 ദിവസമായി ആശുപത്രിയിലാണ്​ ഇൗ വൃദ്ധദമ്പതികൾ

ആലുവ: വൃദ്ധദമ്പതികൾക്ക് ആശുപത്രി വിടണമെങ്കിൽ മുഖ്യമന്ത്രി കനിയണം. ആലുവ ജില്ല ആശുപത്രിയിലാണ് ഉദയംപേരൂർ സ്വദേശികളായ വൃദ്ധ ദമ്പതികൾ 81 ദിവസമായി തുടരുന്നത്.

ഉദയംപേരൂർ പേരെക്കടവിൽ വാടകക്ക് താമസിക്കുന്ന മാവട വീട്ടിൽ മുരളീധരൻ പിള്ളയും ഭാര്യ അംബികയുമാണ് കഴിഞ്ഞ ജൂൺ 15 മുതൽ ആലുവ ജില്ല ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിലുള്ളത്.

വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മുരളീധരൻപിള്ളയുടെ രണ്ട് കാലുകളുടെയും മുട്ടിന് താഴെ പൊട്ടലുണ്ടായി. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മുരളീധരന് ഇതോടെ ജോലിക്ക് പോകാനാകാതെയായി. പ്രാഥമികാവശ്യം നിർവഹിക്കുന്നതിന് പരസഹായം വേണ്ടിവന്നതോടെ അംബിക വീട്ടുജോലിയും നിർത്തി.

മക്കളില്ലാത്ത ദമ്പതികൾ ഇതോടെ ദുരിതത്തിലായി. ചികിത്സക്ക് മാത്രമല്ല, വീട് വാടക നൽകാനും നിത്യചെലവിനും വരുമാനമില്ലാതായി. ശസ്ത്രക്രിയക്ക് ആശുപത്രിയിൽ പണം വേണ്ടെങ്കിലും ആവശ്യമായ സാധനസാമഗ്രികൾ രോഗി വാങ്ങി നൽകണം.

രണ്ട് കാലിലെയും ചിരട്ടകൾ ഉൾപ്പെടെ മാറ്റുന്നതിന് 1.05 ലക്ഷം രൂപയോളം വേണ്ടിവരും. ഡോക്ടർമാരുടെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

ആവശ്യമായ പണം ലഭിച്ചശേഷം ശസ്ത്രക്രിയക്കായി എത്തിയാൽ മതിയെങ്കിലും വീട്ടിലേക്ക് പോയാൽ ഭക്ഷണത്തിന് പോലും വകയില്ലാത്തതിനാൽ ഇവർ പോകുന്നില്ല.

മാത്രമല്ല, ഏഴ് മാസത്തെ വാടക കുടിശ്ശികയും കെട്ടിക ഉടമക്ക് നൽകാനുണ്ട്. മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട സഹായം ചെയ്ത് നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി പറഞ്ഞു. ദമ്പതികൾ സുമനസ്സുകളുടെ സഹായവും തേടുന്നുണ്ട്. ഫോൺ: 9995873413.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.