ആലുവ ഫ്രണ്ട്ഷിപ്പ് ഹൗസിന് സമീപം പെരിയാർവാലി കനാലിലൂടെ ഒഴുകിയെത്തിയ മാലിന്യം ജീവനക്കാർ റോഡിൽ തള്ളിയ നിലയിൽ
ആലുവ: പെരിയാർവാലി കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യം റോഡിൽ തള്ളുന്നത് പരിസരവാസികൾക്ക് ദുരിതമാകുന്നു. വർഷങ്ങളായി കനാലിന്റെ പല ഭാഗത്തും ഇത്തരത്തിൽ മാലിന്യം കോരിയിടൽ പതിവാണ്. നെറ്റുകളിൽ അടിയുന്ന മാലിന്യങ്ങളാണ് ഇവ. കനാലിൽ നിന്ന് മാലിന്യം നീക്കുന്നവർ, എളുപ്പത്തിനായി കനാലിനോട് ചേർന്ന റോഡിൽ തന്നെ തള്ളുകയാണ്.
ആലുവ ഫ്രണ്ട്ഷിപ്പ് ഹൗസിന് സമീപം പെരിയാർവാലി കനാലിലൂടെ ഒഴുകിയെത്തിയ മാലിന്യം കഴിഞ്ഞ ദിവസം ഇത്തരത്തിൽ ജീവനക്കാർ റോഡിൽ തള്ളിയിരുന്നു. ഇത് വാഹന - കാൽനട യാത്രക്ക് ബുദ്ധിമുട്ടുണ്ടാക്കി. ചത്തുചീഞ്ഞ മൃഗാവശിഷ്ടങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്.
അഴുകിയ വസ്തുക്കളടങ്ങിയ മാലിന്യങ്ങളിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണ് പരക്കുന്നത്. കൊതുകുശല്യവും രൂക്ഷമായിട്ടുണ്ട്. പെരുമ്പാവൂർ ഭാഗത്തുനിന്ന് കനാൽ വെള്ളത്തിലൂടെ ഒഴുകിവരുന്ന മാലിന്യം തടയാൻ ഇവിടെ ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചിട്ടുണ്ട്. പെരിയാർവാലിയിലെ വാച്ചർമാരുടെ നിർദ്ദേശപ്രകാരം കരാർ തൊഴിലാളികളാണ് ഇവ വാരി റോഡിൽ ഇടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഇതു മൂലം ജനലും വാതിലും തുറന്നിടാൻ പറ്റാത്ത സ്ഥിതിയിലാണ് സമീപവാസികൾ. ഇതിന് തൊട്ടടുത്ത് അങ്കണവാടിയുണ്ട്. അൻവർ സാദത്ത് എം.എൽ.എയുടെ ഓഫിസും സമീപത്താണ്.
രണ്ട് വിദ്യാലയങ്ങളും ബാങ്കുകളുമെല്ലാം തൊട്ടടുത്തുണ്ട്. എസ്.എൻ പുരം, തായിക്കാട്ടുകര, കുന്നത്തേരി, കോമ്പാറ, വിടാക്കുഴ, ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് ആളുകൾ പോകുന്ന റോഡാണിത്. മുമ്പും സമാന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് നഗരസഭ അധികൃതർ കലക്ടറെ അറിയിക്കുകയും മാലിന്യം നീക്കംചെയ്യാൻ പെരിയാർവാലി അധികൃതരോട് ഉത്തരവിടുകയും ചെയ്തിരുന്നു. മാലിന്യം കുഴിച്ചുമൂടാൻ പെരിയാർവാലിക്ക് നാലാംമൈലിൽ സ്വന്തം സ്ഥലമുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.