കവർച്ച നടന്ന വ്യാപാര സ്​ഥാപനങ്ങൾ പൊലീസും വിരലടയാള വിദഗ്ധരും പരിശോധിക്കുന്നു

കുമ്പളയിൽ എട്ടു കടകളിൽ മോഷണം

കുമ്പള: കുമ്പള ടൗണിൽ എട്ടുകടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. തിങ്കളാഴ്ച കട തുറക്കാൻ വന്ന വ്യാപാരികളാണ് കടകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പൂട്ട് തകർത്താണ് മോഷണം നടത്തിയത്. അംന കലക്​ഷൻസ്, മിസ്​ റോസ്, ടോപ് ലേഡി, റാംപ്, ലെതർ വേൾഡ്, ബാഗ് പാലസ്, കണ്ണൂർ മൊബൈൽസ്, എം.കെ എൻറർപ്രൈസസ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയുമായി പ്രദേശത്ത് കനത്ത മഴയായിരുന്നു. മഴയുടെ മറവിലാണ് മോഷണം നടത്തിയത്.

കുമ്പള ബസ് സ്​റ്റാൻഡിന്​ സമീപം മീപ്പിരി സെൻററിലെ കടകളിലാണ് മോഷണം നടന്നത്. അന്വേഷണം ഊർജിതമായി നടക്കുന്നതായി പൊലീസ് പറഞ്ഞു. പണം, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള ഫാൻസി വസ്തുക്കൾ തുടങ്ങിയവ മോഷണം പോയി. കോവിഡ് സുരക്ഷയുടെ ഭാഗമായി മാസങ്ങളായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ ഇക്കഴിഞ്ഞ എട്ടുമുതലാണ് തുറന്ന്​ പ്രവർത്തനമാരംഭിച്ചത്. ഇതിനിടയിലാണ് തിങ്കളാഴ്ച പുലർച്ച കവർച്ചയും.കവർച്ച നടന്ന വ്യാപാര സ്ഥാപനങ്ങൾ വിരലടയാള വിദഗ്ധർ പരിശോധിച്ചു.

കുമ്പള സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് എന്നിവരാണ്​ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്​. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എൽ. പുണ്ഡരീകാക്ഷ, എ.കെ. ആരിഫ്, ബി.എൻ. മുഹമ്മദലി, അഷ്‌റഫ്‌ കൊടിയമ്മ, വിക്രം പൈ, സത്താർ ആരിക്കാടി, അൻവർ സിറ്റി എന്നിവർ കവർച്ച നടന്ന വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. അന്വേഷണം നടത്തി കവർച്ചക്കാരെ ഉടൻ പിടികൂടണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.സി. ഖമറുദ്ദീൻ എം.എൽ.എ എന്നിവർ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.