കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോൾ ഗേറ്റ്
കുമ്പള: കുമ്പളയിൽ പുതുതായി ടോൾ ബൂത്ത് പ്രാബല്യത്തിലായതോടെ കർണാടക ട്രാൻസ്പോർട്ട് ബസുകൾ നിരക്ക് വർധിപ്പിച്ചു. കുമ്പളയിൽനിന്ന് മംഗളൂരുവിലേക്കുള്ള ടിക്കറ്റിന് എട്ടു രൂപയാണ് വർധിച്ചത്.
67 രൂപയുണ്ടായിരുന്ന ടിക്കറ്റിന് കഴിഞ്ഞദിവസം മുതൽ 75 രൂപയാണ് കർണാടക ബസുകൾ ഈടാക്കുന്നത്. കാസർകോട്ടുനിന്ന് 88 രൂപ ഉണ്ടായിരുന്നത് 95 രൂപയാക്കിയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
കാസർകോട്-മംഗളൂരു റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾക്ക് മംഗളൂരുവിനും കുമ്പള ടൗണിനും ഇടയിൽ തലപ്പാടിയിലും ആരിക്കാടിയിലും രണ്ട് ടോളുകൾ നൽകേണ്ടിവരുന്നുണ്ട്. വലിയ പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തിൽ കുമ്പളയിലെ ടോൾ പിരിവ് പ്രത്യക്ഷത്തിൽ നിർത്തിവെച്ചിട്ടുണ്ടെങ്കിലും ഫാസ്റ്റ് ടാഗ് വഴിയുള്ള പിരിവ് അനസ്യൂതം തുടരുന്നുണ്ട്. കൂടുതലായും
ദീർഘദൂരവാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ ദിനേന ലക്ഷങ്ങളുടെ പിരിവ് ഫാസ്റ്റ് ടാഗ് വഴി കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം. പ്രാദേശികതലത്തിൽ ഓടുന്ന വാഹനങ്ങൾ പലതും ടോൾ കൊള്ളയിൽനിന്ന് രക്ഷപ്പെടാൻ വാഹനത്തിലെ സ്കാനർ സ്റ്റിക്കറൊട്ടിച്ച് മറച്ചുകൊണ്ടാണ് ഈവഴി കടന്നുപോകുന്നത്.
കുമ്പള ആരിക്കാടിയിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ടോൾപിരിവിനെതിരെ ആക്ഷൻ കമ്മിറ്റി തുടങ്ങിവെച്ച ടോൾവിരുദ്ധ സമരം തുടരണമെന്നും നീതി ലഭിക്കുംവരെ സമരത്തിൽനിന്ന് പിന്നോട്ട് പോകരുതെന്നും പി.ഡി.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
അനിശ്ചിതകാലസമരം പൊളിക്കാൻ ദേശീയപാത അതോറിറ്റിക്കുവേണ്ടി നിർമാണ കമ്പനി അധികൃതരും പൊലീസും ഒത്തുകളിച്ചു. ജില്ലയിലെ ജനകീയസമരങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല. അടിയന്തരമായി ടോൾസമരം പുനരാരംഭിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു.
കുമ്പളയിൽ സർവിസ് റോഡ് നിർമാണം പൂർത്തിയാക്കാതെ ടോൾപിരിവ് നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈകോടതി. കുമ്പള ടോൾവിരുദ്ധ സമിതിക്കുവേണ്ടി കൺവീനർ അഷ്റഫ് കർള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സർവിസ് റോഡുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും നേരിട്ട് ബോധ്യപ്പെടാൻ കേസിൽ ഒരു കമീഷനെ നിയോഗിക്കണമെന്ന് ആക്ഷൻ കമ്മിറ്റിക്കുവേണ്ടി ഹാജരായ അഡ്വ. സജൽ കോടതിയിൽ ആവശ്യപ്പെട്ടു. സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി കോടതിയിൽ നിയമപോരാട്ടം തുടരുന്നതിനോടൊപ്പം ഗ്രൗണ്ട് ലെവലിൽ സമരം ശക്തമാക്കാനാണ് തീരുമാനം. അനുകൂലമായ വിധി വരുന്നതുവരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഷയത്തിൽ വിശദമായ വാദംകേൾക്കുന്നതിനായി കേസ് ഈമാസം 28ലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.