Representational Image
കാഞ്ഞങ്ങാട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമൂഹികനീതി വകുപ്പ് മുഖേന നല്‍കിവരുന്ന പ്രതിമാസ പെന്ഷന് അഞ്ചുമാസമായി മുടങ്ങിക്കിടങ്ങുകയാണ്. ഇപ്രകാരം ബൗദ്ധിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസകിരണം പദ്ധതി പ്രകാരം ലഭിച്ചുവരുന്ന സാമ്പത്തിക സഹായവും മഹാഭൂരിപക്ഷം ഗുണഭോക്താക്കള്‍ക്കും ഇനിയും ലഭിച്ചില്ല. പെന്ഷന് കുടിശ്ശികയും ആശ്വാസകിരണം സഹായവും ഉടന്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സംസ്ഥാനതല കൂട്ടായ്മയായ ‘പെയ്ഡ്' സംസ്ഥാന വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഓണത്തിന് കുടിശ്ശിക ഉള്‍പ്പെടെ കിട്ടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഓണം കഴിഞ്ഞിട്ടും പെന്ഷന് തുക ആര്‍ക്കും ലഭ്യമായിട്ടില്ല. അര്‍ഹരായവര്‍ മരുന്ന് വാങ്ങുന്നതിന് ഉള്‍പ്പെടെ ഉപയോഗപ്പെടുത്തേണ്ട തുക മുടങ്ങിക്കിടക്കുന്നത് രക്ഷിതാക്കള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സാമൂഹികനീതി മന്ത്രി ആര്. ബിന്ദുവിനും ജില്ലയിലെ എം.എല്‍.എമാര്‍ക്കും നിവേദനത്തിന്റെ കോപ്പി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.