കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ; അയയാതെ ഐ.എൻ.എൽ

കാഞ്ഞങ്ങാട്: യു.ഡി.എഫിനെക്കാൾ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ കാഞ്ഞങ്ങാട് നഗരഭരണം പിടിച്ച ഇടതുമുന്നണിയിൽ വൈസ് ചെയർമാൻ സ്ഥാനത്തിനായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കമുണ്ടായത്. ചൊവ്വാഴ്ച രാത്രി നടന്ന സി.പി.എം -ഐ.എൻ.എൽ ഉഭയകക്ഷിയോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. കാലങ്ങളായി തങ്ങൾക്കുള്ള വൈസ് ചെയർപേഴ്സൻ പദം ഇത്തവണയും വിട്ടുനൽകണമെന്ന് ഐ.എൻ.എൽ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.

ഐ.എൻ.എല്ലിലെ ഏക സ്വതന്ത്ര അംഗം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആളല്ലാത്തതിനാൽ സി.പി.എമ്മിൽനിന്നുള്ള മുസ് ലിം ന്യൂനപക്ഷ വനിതയെ വൈസ് ചെയർപേഴ്സനാക്കാൻ സി.പി.എം ആവശ്യപ്പെട്ടു. എന്നാൽ, ഐ.എൻ.എൽ തീരുമാനത്തിന് വഴങ്ങിയില്ല. തുടർന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രശ്നം സി.പി.എം, ഐ.എൻ.എൽ ജില്ല നേതൃത്വങ്ങൾക്ക് വിടുകയും ചെയ്തു.

നഗരസഭ വാർഡ് 15 കൂളിയങ്കാലിൽ ഐ.എൻ.എൽ ടിക്കറ്റിൽ സ്വതന്ത്രയായി മത്സരിച്ച ലത ബാലകൃഷ്ണനെ വൈസ് ചെയർപേഴ്സൻ സ്ഥാനാർഥിയാക്കാൻ ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. തീരുമാനത്തിന് പിന്നാലെ ഇതു ചോദ്യം ചെയ്‌ത്‌ മറ്റ്‌ ഘടകകക്ഷികളായ സി.പി.ഐയും ജെ.ഡി.എസും രംഗത്തെത്തി. എൽ.ഡി.എഫ് ഘടകകക്ഷിയാകുന്നതിന് മുമ്പുമുതൽ നിലവിലുണ്ടായിരുന്ന കീഴ്വഴക്കത്തിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചെയർപേഴ്സനെ തീരുമാനിച്ചതെന്ന് ഐ.എൻ.എൽ നേതൃത്വം പറഞ്ഞു.

കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൽ. ഷംസുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടുപുറം മുഹമ്മദ് ഹാജി, മുനിസിപ്പൽ പാർലമെന്ററി കമ്മിറ്റി ചെയർമാൻ പി.കെ. സലാം, മുനിസിപ്പൽ സെക്രട്ടറി സി.കെ. നാസർ, ട്രഷറർ ഇ.എൽ. നാസർ കുളിയങ്കാൽ, അബൂബക്കർ കണക്കപിള്ള ഉൾപ്പെടെ പങ്കെടുത്ത ഐ.എൻ.എൽ യോഗത്തിലാണ് വൈസ് ചെയർമാനെ പ്രഖ്യാപിച്ചത്.

ഇടതുമുന്നണി അറിയാതെ വൈസ് ചെയർപേഴ്‌സനെ സ്വയം തീരുമാനിച്ചത് ശരിയായ നടപടിയല്ലെന്ന് സി.പി.ഐയും ജനതാദൾ സ്ഥാനാർഥിയായി വിജയിച്ച മണക്കാട് രാജനും തുറന്നടിച്ചു. കൗൺസിലർമാരില്ലെങ്കിലും എൻ.സി.പിയും കോൺഗ്രസ് എസും തീരുമാനം ചോദ്യം ചെയ്‌ത്‌ രംഗത്തെത്തി. 22 അംഗങ്ങളാണ് നഗരസഭയിൽ ഇടതുമുന്നണിക്കുള്ളത്. ഇതിൽ 19 അംഗങ്ങളും സി.പി.എമ്മിനാണ്.

ഐ.എൻ.എൽ, സി.പി.ഐ, ആർ.ജെ.ഡി എന്നീ കക്ഷികൾക്ക് ഓരോ അംഗങ്ങളുണ്ട്. വൈസ് ചെയർമാൻ പദവും സി.പി.എം തന്നെ വഹിക്കാൻ ശക്തമായ നീക്കം നടക്കുന്നുണ്ട്. കാലങ്ങളായി ഐ.എൻ.എൽ വഹിക്കുന്ന വൈസ് ചെയർമാൻ പദം വിട്ടുനൽകാൻ അവർ തയാറല്ല. പദവിയെ ചൊല്ലി പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞതവണ ഐ.എൻ.എൽ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഫൗസിയ ഷരീഫ് ഇത്തവണ സി.പി.എം ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു. ഫൗസിയയെ വൈസ് ചെയർമാനാക്കാനാണ് സി.പി.എം നീക്കം.

Tags:    
News Summary - Kanhangad Municipality Vice Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.