കാഞ്ഞങ്ങാട്: ചീറിപ്പാഞ്ഞ് കുട്ടിഡ്രൈവർമാർ. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മുപ്പതോളം കുട്ടിഡ്രൈവർമാരെ പൊലീസ് പൊക്കി. കുട്ടിഡ്രൈവർമാരെ കണ്ടെത്താൻ കഴിഞ്ഞദിവസങ്ങളിൽ വ്യാപക പരിശോധനയിലായിരുന്നു പൊലീസ്. പൊലീസ് കർശന പരിശോധനയും രക്ഷിതാക്കൾക്കെതിരെ ഭീമമായ പിഴയും ചുമത്തുമ്പോഴും കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ കുറവില്ല.
കഴിഞ്ഞദിവസം കുമ്പളയിൽ 15കാരിയായ വിദ്യാർഥിനി സ്കൂട്ടർ അപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. കാഞ്ഞങ്ങാട്ടും ബേക്കലിലും മാത്രമായി പത്തിലേറെ കുട്ടിഡ്രൈവർമാർ കഴിഞ്ഞദിവസം പിടിയിലായി.
രാജപുരം, അമ്പലത്തറ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചന്തേര, ചീമേനി, നീലേശ്വരം, മേൽപറമ്പ്, കാസർകോട്, കുമ്പള, ആദൂർ, ബദിയഡുക്ക, ബേഡകം, മഞ്ചേശ്വരം പൊലീസും കുട്ടിഡ്രൈവർമാരെ പിടികൂടി വാഹന ഉടമകൾക്കെതിരെ കേസെടുത്തു. മിക്ക കേസിലും വാഹന ഉടമകളായ മാതാവോ പിതാവോ ആണ് പ്രതികൾ. ഇത്തരം കേസുകളിൽ കോടതി വാഹന ഉടമകളായവർക്ക് കാൽലക്ഷം രൂപ വരെ പിഴചുമത്തുന്നുണ്ട്.
ബോധവത്കരണവും കേസിന്റെ ഗൗരവം സംബന്ധിച്ച് പൊലീസ് ബോധവത്കരണം നടന്നുവരുമ്പോഴും കുട്ടികൾ വാഹനം ഓടിച്ച് പിടിയിലാകുന്ന എണ്ണം വർധിക്കുകയാണ്. സ്കൂളുകളിൽ പോകുന്നതിനും ധാരാളം കുട്ടികൾ സ്കൂട്ടർ ഓടിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ പൊലീസ് സ്കൂളിൽ പോകുന്ന സമയങ്ങളിലും തിരിച്ചുവരുന്നസമയത്തും വാഹനപരിശോധന ശക്തമാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.