ശനിയാഴ്ച കണ്ണൂർ-മംഗളൂരു പാസഞ്ചറിൽ സ്ത്രീ കോച്ചിലെ തിരക്ക്
കാഞ്ഞങ്ങാട്: കണ്ണൂര്‍-മംഗളൂരു പാസഞ്ചർ ട്രെയിനില്‍ വന്‍തിരക്ക്. എന്ന് തീരും ഈ ദുരിതമെന്നാണ് സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ ചോദ്യം. കഴിഞ്ഞദിവസം രാവിലെ മംഗളൂരുവിലേക്കുള്ള യാത്രയിലാണ് സ്ത്രീകളും കുട്ടികളും ദുരിതത്തിലായത്. സൂചി കുത്താനിടമില്ലാത്ത രീതിയിലായിരുന്നു സ്ത്രീകളുടെ കമ്പാർട്മെന്റിലെ തിരക്ക്. 14 കോച്ചുണ്ടായിരുന്ന പാസഞ്ചര്‍ ഇപ്പോള്‍ പത്തോളം കോച്ചുകളാണുള്ളത്.
ലേഡീസ് കോച്ചടക്കം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ലീഗല്‍ സര്‍വിസസ് അതോറിറ്റിക്കുൾപ്പെടെ പലതവണ പരാതി നല്‍കിയിട്ടും റെയിൽവേ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്ഗനൈസേഷൻ നേതൃത്വത്തിൽ പരാതി നല്‍കിയിരുന്നു. കണ്ണൂർ മുതൽ കാസർകോടുവരെയുള്ള സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർഥികളും മറ്റ് യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്ന ട്രെയിനാണിത്. എല്ലാ ദിവസവും രാവിലെ തിക്കിലും തിരക്കിലും മണിക്കൂറോളം യാത്ര ചെയ്യണ്ടുന്ന ദുർഗതിയാണിവർക്ക്.
ഒരു കോച്ചിന്റെ പകുതിവലുപ്പം മാത്രമുള്ള ലേഡീസ് കോച്ചുകളാണുള്ളത്. നാലു വലിയ സീറ്റും നാല് ചെറുസീറ്റും മാത്രമേയുള്ളൂ. ശ്വാസംമുട്ടി പെണ്‍കുട്ടികൾ ട്രെയിനിനുള്ളിൽ ബോധരഹിതയായി വീഴുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കടുത്ത യാത്രത്തിരക്കിന് പരിഹാരമായി കോച്ച് വർധിപ്പിക്കണമെന്നാശ്യപ്പെട്ട് മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസിനെതിരെ നേരത്തേ പാസഞ്ചര്‍ അസോസിയേഷനുകള്‍ ജില്ല താലൂക്ക് ലീഗല്‍ സര്‍വിസസ് അതോറിറ്റികളില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കോച്ച് കൂട്ടുകയും ചെയ്തിരുന്നു.
നിരന്തരം പരാതിയുയർന്നിട്ടും കണ്ണൂർ-മംഗളൂരു പാസഞ്ചറിന് കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ അധികൃതർ തയാറാകുന്നില്ല. ലേഡീസ് കോച്ച് വലുതാക്കുകയോ മറ്റൊരു കോച്ചുകൂടി ഘടിപ്പിക്കുകയോ ചെയ്താൽ സ്ത്രീയാത്രക്കാർക്ക് ആശ്വാസമാകുമെന്ന് യാത്രക്കാർ പറയുന്നു. നാല് കോച്ചുകൂടി ഘടിപ്പിച്ചാൽ എല്ലാ യാത്രക്കാർക്കും ആശ്വാസമാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.