കന്നട-മലയാളം നിഘണ്ടു ഒരുങ്ങുന്നു

കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ടിന് വേണ്ടി ഉദുമ സ്വദേശി ബി.ടി. ജയറാമാണ്​ നിഘണ്ടു തയാറാക്കുന്നത് കാസർകോട്​: കന്നട ഭാഷയിലെ മുഴുവൻ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ടിന് വേണ്ടി നിഘണ്ടു പ്രസിദ്ധീകരണത്തിന് തയാറാകുന്നു. സംസ്ഥാന വാണിജ്യവകുപ്പിൽനിന്ന് വിരമിച്ച കാസർകോട്​ ഉദുമ ആറാട്ടുകടവ് സ്വദേശിയും ഗ്രന്ഥകർത്താവുമായ ബി.ടി. ജയറാമാണ്​ നിഘണ്ടു തയാറാക്കുന്നത്​. കന്നട ഭാഷക്ക്​ മലയാളഭാഷാ പദവിന്യാസം എളുപ്പമാക്കാനുള്ള ആധികാരിക റഫറൻസ് ഗ്രന്ഥം രചിക്കാൻ പ്രാപ്തനായ ദ്വിഭാഷ വിദഗ്​ധനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ്, സർക്കാർ സർവിസിൽനിന്ന് വിരമിച്ചശേഷം തിരുവനന്തപുരത്ത് മറ്റൊരു ജോലിയുമായി കഴിയുകയായിരുന്ന ജയറാമിനെ കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ യാദൃച്ഛികമായി കണ്ടുമുട്ടുന്നത്. ഇതോടെ നിഘണ്ടു രചനക്ക്​ ജീവൻവെച്ചു. മാതൃഭാഷക്കൊപ്പം കന്നടയും കൈകാര്യം ചെയ്യുമെന്നതിനാൽ നികുതിവകുപ്പിൽനിന്ന് ഡെപ്യൂ​ട്ടേഷനിൽ കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫിസറായി കുറച്ചുകാലം ജോലിചെയ്തിരുന്നു. ഇതും കന്നട-മലയാള ഭാഷാനിഘണ്ടു തയാറാക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ അവസരമൊരുക്കി. 2018 നവംബർ 28ന്​ ദ്വിഭാഷ നിഘണ്ടു തയാറാക്കാനുള്ള ഔദ്യോഗിക ഉത്തരവ് ഭാഷ ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന് ലഭിക്കുന്നതോടെയാണ്​ തിരുവനന്തപുരത്തെ താമസമവസാനിപ്പിച്ച്​ ജയറാം ജന്മനാടായ കാസർകോട്ടെത്തിയത്​. നിഘണ്ടുവിൽ കന്നട പദത്തി​ൻെറ ഉച്ചാരണം മലയാള ലിപിയിൽ എഴുതിയിട്ടുണ്ട്. ഓരോ പദത്തി​ൻെറയും നാനാർഥങ്ങൾ നാടൻ ശൈലിയിലും ചേർത്തു. 1500ലേറെ പേജുകളുള്ള നിഘണ്ടുവി​ൻെറ ഡി.ടി.പി പ്രിൻറ്​ ജനുവരിയിൽ പൂർത്തിയാകും. ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിർദേശത്തോടെ കന്നടയിലെ വാക്കുകൾ മംഗളൂരുവിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകൾ എഴുത്തുകാരൻ ഉദുമയിലെ പ്രഫ. എം.എ. റഹ്​മാനുമാണ് ‌പരിശോധിച്ചത്. ഇരു ഭാഷകളുടെ സങ്കലനം വിവർത്തകനും എഴുത്തുകാരനും ജയറാമി​ൻെറ അധ്യാപകനുമായ കാസർകോട്ടെ കെ.വി. കുമാരൻ നിർവഹിച്ചു. ഫെബ്രുവരിയിൽ നിഘണ്ടു പുറത്തിറക്കാനാവുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ ജയറാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.