കെ-സ്റ്റോറിൽനിന്ന് വീട്ടമ്മ സാധനങ്ങൾ വാങ്ങുന്നു

മാറ്റത്തിലേക്ക് ചുവടുവെച്ച് കെ-സ്റ്റോറുകൾ; ജില്ലയിൽ എട്ടു കേന്ദ്രങ്ങൾ കൂടി

കാസർകോട്: സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ അടിമുടി പരിഷ്കരിച്ച് റേഷൻ കടകൾ അത്യാധുനിക സേവനകേന്ദ്രങ്ങളായ കെ-സ്റ്റോറുകളായി മാറുന്നു. നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാക്കുക എന്നതാണ് കെ-സ്റ്റോർ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ജില്ലയിൽ 47 കെ-സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. മിൽമ ഉൽപന്നങ്ങൾ, ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ, എം.എസ്.എം.ഇ ഉൽപന്നങ്ങൾ, ചെറിയ ഗ്യാസ് സിലിണ്ടറുകളായ ചോട്ടുഗ്യാസ് എന്നിവയെല്ലാം റേഷൻ കടകളിൽനിന്ന് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.ജില്ലയിലെ 390 റേഷൻകടകളിൽ എട്ടെണ്ണം കൂടി ഈമാസം കെ-സ്റ്റോറുകളായി മാറുന്നതോടെ സേവനങ്ങൾ കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിക്കും.

റേഷൻകടകളിൽ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റാൻ കഴിയാത്ത അവശവിഭാഗങ്ങൾക്കായി നടപ്പാക്കുന്ന ‘ഒപ്പം’ പദ്ധതി ജില്ലയിലെ രണ്ടു താലൂക്കുകളിൽ ഉടൻ ആരംഭിക്കും. ജനകീയ വികസനത്തിന്റെ ഭാഗമായി ഉപഭോക്തൃ അവബോധം വളർത്താൻ ജില്ലയിലെ രണ്ട് സ്കൂൾ ക്ലബുകൾക്ക് 10,000 രൂപ വീതം അനുവദിച്ചു നൽകി.

ഭക്ഷ്യ സിവിൽ സപ്ലൈസ് ഓഫിസിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായുള്ള സുഭിക്ഷ ഹോട്ടലുകൾ വഴി ഏറ്റവും കുറഞ്ഞ നിരക്കിൽ ഊണ് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്. സാധാരണക്കാരുടെ ക്ഷേമം മുൻനിർത്തി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സമൂഹത്തിൽ വലിയ സ്വാധീനമാണ് കാലക്രമേണ ഉണ്ടാക്കിയിട്ടുള്ളതെന്ന് ജില്ല സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു പറഞ്ഞു.

Tags:    
News Summary - K-Stores takes a step towards change; eight more centers in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.