1. മാടായിപ്പാറയിൽ വാഹനം പാർക്ക് ചെയ്തനിലയിൽ 2. മാടായിപ്പാറയിൽ വിനോദസഞ്ചാരികൾ വലിച്ചെറിഞ്ഞ മാലിന്യം 3. പുൽമേട്ടിൽവാഹനം കയറുന്നത് നിരോധിച്ചുള്ള അറിയിപ്പ്

നിയന്ത്രിക്കാൻ ആളില്ല; മാടായിപ്പാറയിൽ മാലിന്യം

കണ്ണൂർ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാടായിപ്പാറയിൽ നിയന്ത്രിക്കാനാളില്ലാത്തതിനാൽ മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തിനകത്തെ മറ്റു ജില്ലകളിൽനിന്നും വരുന്ന വിനോദസഞ്ചാരികൾക്ക് ഇവിടത്തെ ഭൂപ്രകൃതിയുടെ പ്രാധാന്യമറിയാത്തതും ഇവിടം ഇങ്ങനെ മാലിന്യം നിറയാൻ കാരണമാകുന്നുണ്ട്. മാടായിപ്പാറയുടെ ആവാസവ്യവസ്ഥ നശിക്കാനടക്കം ഇത് കാരണമാകുമെന്നാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്.

സന്ദർശകരിൽ ചിലർ പുൽമേട്ടിനുള്ളിലേക്ക് വാഹനങ്ങൾ കയറ്റി ഓടിക്കുന്നതും പാർക്ക് ചെയ്യുന്നതും കാണാമെന്നും ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും കാര്യമാക്കുന്നില്ലെന്നാണ് പരാതി. മാടായിപ്പാറയുടെ ജൈവവൈവിധ്യമറിയാത്ത ചില വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുമ്പോൾ പ്ലാസ്റ്റിക് കവറും ബോട്ടിലുകളും ഭക്ഷണ പാക്കറ്റുകളും മറ്റ് മാലിന്യവും അലക്ഷ്യമായി വലിച്ചെറിയുന്നത് പതിവുരീതിയായി മാറിയിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലപ്പോഴും യുവജനസംഘടനകളും മറ്റുമാണ് ഇവിടം ശുചീകരിക്കുന്നത്.

വാഹനപ്രവേശനം നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടും ചിലർ വാഹനങ്ങൾ പാർക്ക് ചെയ്യുകയും ഡ്രൈവിങ് പഠിക്കാനുള്ള സ്ഥലമാക്കുകയും ചെയ്യുനു എന്നും ആക്ഷേപമുണ്ട്. ഇത് ഇവിടത്തെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. മാടായിപ്പാറ വൃത്തിയാക്കാനും സംരക്ഷിക്കാനും അടിയന്തര നടപടികൾ ആവശ്യമാണെന്നാണ് പരിസ്ഥിതി സ്നേഹികളുടെ ആവശ്യം.

സന്ദർശകർ ഭക്ഷണം പാകംചെയ്യുന്നുണ്ടെന്നും ഇത് പരിസ്ഥിതി നാശത്തിനും മാലിന്യംതള്ളലിനും കാരണമാകുന്നുണ്ടെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വിനോദസഞ്ചാരികളുടെ തിരക്ക് ഗണ്യമായി വർധിച്ചതായും മാടായിക്കാവും മാടായിപ്പാറയും സന്ദർശിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. കൊട്ടിയൂർ വൈശാഖോത്സവ സീസണായതുകൊണ്ടുതന്നെ മറ്റ് ജില്ലകളിലുള്ളവർ പറശ്ശിനിക്കടവ് സന്ദർശിച്ച് ഇവിടെയും വരുന്നുണ്ട്. പുൽമേടുകളുടെ ആവാസവ്യവസ്ഥയിൽ വളരുന്ന ചെറിയ പ്രാണികളുടെയും മറ്റു ജീവികളുടെയും മുട്ടകളും ആവാസവ്യവസ്ഥകളും ഇങ്ങനെ നശിപ്പിച്ചേക്കാമെന്നാണ് പരിസ്ഥിതിപ്രവർത്തകർ പറയുന്നത്. അതുകൊണ്ടുതന്നെ ഇവ സംരക്ഷിക്കാനും കൃത്യമായി നിയന്ത്രിക്കാനുമുള്ള സംവിധാനമൊരുക്കണമന്നാണ് പ്രദേശവാസികളുടേയും പരിസ്ഥിസ്നേഹികളുടെയും ആവശ്യം.

Tags:    
News Summary - No one to control; Waste dumping in Madayipara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.