വി.ഐ.പി പോരിന് പേരാവൂർ

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരചിത്രം ആദ്യം തെളിഞ്ഞ മണ്ഡലമാണ് പേരാവൂർ. മണ്ഡലം നിലനിർത്താൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പിടിച്ചെടുക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജയും എത്തുന്നതോടെ മണ്ഡലത്തിന് വി.ഐ.പി പരിവേഷം. ഇരുസ്ഥാനാർഥികളെയും ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ആവശ്യമേ ഇനിയുള്ളൂ.

മണ്ഡലത്തിൽ സണ്ണി ജോസഫിന്റെ നാലാമൂഴമാണ് ഇക്കുറി. പഴയ സണ്ണി ജോസഫല്ല, കെ.പി.സി.സി പ്രസിഡന്റ് ആണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതിനാൽ, 2011 മുതൽ കൈവശമുള്ള സീറ്റ് നിലനിർത്തുകയെന്നത് അഭിമാനപ്രശ്നം കൂടിയാണ്. 2021ൽ 3172 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിലെ കെ.വി. സക്കീർ ഹുസൈനെയാണ് സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്. 2006ൽ വെന്നിക്കൊടി പാറിച്ച ആത്മവിശ്വാസത്തിലാണ് കെ.കെ. ശൈലജയുടെ പേരാവൂരിലേക്കുള്ള മൂന്നാംവരവ്.

2006ലെ ആദ്യ പോരാട്ടത്തിൽ പേരാവൂരിൽ കോണ്‍ഗ്രസിലെ എ.ഡി. മുസ്തഫയെ 9,099 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ആ നേട്ടം. മണ്ഡലം നിലനിർത്താൻ 2011ൽ വീണ്ടും ഇവർ മത്സരിച്ചെങ്കിലും സണ്ണി ജോസഫിനോട് 3,440 വോട്ടിന് പരാജയപ്പെട്ടു.

ഇരിട്ടി നഗരസഭ, ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭ മണ്ഡലം. ഇതിൽ ഇരിട്ടി നഗരസഭ, പേരാവൂർ, മുഴക്കുന്ന്, പായം പഞ്ചായത്തുകളുമാണ് എൽ.ഡി.എഫിന്റെ കൈവശമുള്ളത്. ബാക്കി അഞ്ചിടത്തും യു.ഡി.എഫാണ് ഭരണം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 23,481 വോട്ടിന്‍റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന് മണ്ഡലത്തിൽ ലഭിച്ചത്. മണ്ഡലത്തിലെ ഒമ്പത് തദ്ദേശ ഭരണസ്ഥാപനങ്ങളിൽ എട്ടിലും യു.ഡി.എഫ് ആധിപത്യം നേടി. ആകെയുള്ള 158 ബൂത്തുകളിൽ 125ലും യു.ഡി.എഫ് ഭൂരിപക്ഷം നേടി.

പാർട്ടി കോട്ടയായ മുഴക്കുന്ന്, പായം ഉൾപ്പെടെ 33 ബൂത്തുകളിൽ മാത്രമാണ് എൽ.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുള്ളൂ. ഏറ്റവുമൊടുവിൽ നടന്ന തദേശ തെരഞ്ഞെടുപ്പിലും മണ്ഡലാടിസ്ഥാനത്തിൽ 12,000ഓളം വോട്ടിന്‍റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. എൻ.ഡി.എക്കുവേണ്ടി ബി.ജെ.പിയാവും പേരാവൂരിൽ മത്സരിക്കുക.

Tags:    
News Summary - VIP Contest Heats Up in Peravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.