കണ്ണൂർ: ജില്ലയില്‍ ഇതുവരെ 33601 അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. തൊഴില്‍വകുപ്പിന്റെ പ്രത്യേക ക്യാമ്പുകളിലൂടെയും നേരിട്ടുള്ള വിവര ശേഖരണത്തിലൂടെയുമായിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍. മത്സ്യബന്ധന തുറമുഖങ്ങളായ ആയിക്കര, അഴീക്കല്‍, പുതിയങ്ങാടി, തലായി, ഗോപാല്‍പേട്ട, പാലക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ 63 രജിസ്‌ട്രേഷന്‍ ക്യാമ്പുകളിലായി 3177 അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തു.
ബാക്കിയുള്ള തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ സ്‌പെഷല്‍ ഡ്രൈവിലൂടെ പൂര്‍ത്തീകരിക്കും. തുറമുഖങ്ങളിൽ ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ സ്വദേശത്തേക്ക് പോയിരിക്കുകയാണ്. കണ്ണൂർ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത്. കണ്ണൂര്‍ 1,2,3 സര്‍ക്കിളുകള്‍, തലശ്ശേരി 1,2 സർക്കിളുകള്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, ചിയാക് കണ്ണൂര്‍ ഡിവിഷനുകളിലാണ് ജില്ല ലേബര്‍ ഓഫിസിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടക്കുന്നത്.
ജില്ലയില്‍ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ സ്‌പെഷൽ ഡ്രൈവ് നടത്തും. എ.ഡി.എം പി.എന്‍ പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ജില്ലയിലുടനീളം തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ജില്ലയിലെ എട്ടോളം മത്സ്യബന്ധന തുറമുഖങ്ങളില്‍ ഏകദേശം പതിനായിരത്തിന് മുകളില്‍ അതിഥി തൊഴിലാളികള്‍ ജോലിക്കെത്തുന്നുണ്ട്. ഇവരുടെ വിവരശേഖരണം കാര്യക്ഷമമാക്കുന്നതിന് ഫിഷറീസ് വകുപ്പും തൊഴില്‍വകുപ്പും ചേർന്ന് രജിസ്‌ട്രേഷന്‍ കാമ്പയിൻ സംഘടിപ്പിക്കും.
ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കും. ഇതര മേഖലകളില്‍ നടക്കുന്ന അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ പുരോഗതിയും യോഗം വിലയിരുത്തി. വ്യവസായ സ്ഥാപനങ്ങള്‍, നിർമാണ മേഖലകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കും. ഇതിനായുള്ള മാസ് ഡ്രൈവുകള്‍ രണ്ടാംഘട്ടം നടത്തും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലില്‍ നിന്ന് തിരിച്ചുപോകുന്നവര്‍ക്ക് തിരികെ വീണ്ടും എത്തുന്ന വേളയില്‍ വീണ്ടും റജിസ്‌ട്രേഷന്റെ ആവശ്യമില്ല. ഈ വിധത്തിലാണ് ഏകീകൃത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ സംവിധാനമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.