ടി.സി. വര്‍ക്കി തീറ്റപ്പുല്ല് വാറ്റുകേന്ദ്രത്തിൽ
ചെറുപുഴ: ഒരു കാലത്ത് കുടിയേറ്റ കര്‍ഷകരുടെ മുഖ്യ വരുമാന മാര്‍ഗമാകുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത തെരുവപ്പുല്ല് വാറ്റല്‍ മലയോരത്ത് തിരിച്ചെത്തി. ചെറുപുഴ ജോസ്ഗിരിയിലെ കര്‍ഷകനായ ടി.സി. വര്‍ക്കിയാണ് നാല് പതിറ്റാണ്ടിനുശേഷം പുല്‍ത്തൈലം വാറ്റുന്നതിന് തുടക്കം കുറിച്ചത്.
കൃഷിയിടത്തില്‍ പ്രത്യേകം തയാറാക്കിയ വാറ്റുകേന്ദ്രത്തിലാണ് പുല്‍ത്തൈലം ഉണ്ടാക്കുന്നത്. ഇതിനായി വലിയ വിറകടുപ്പും വെള്ളം തിളപ്പിക്കാനുള്ള ബാരലുകളും തയാറാക്കിയിട്ടുണ്ട്. വെള്ളം തിളക്കുന്നതിലൂടെ പുറത്തുവരുന്ന ആവി തെരുവപ്പുല്ല് കുത്തിനിറച്ച മറ്റൊരു ബാരലിലൂടെ കയറ്റിവിട്ട് തണുപ്പിച്ച് പുറത്തെത്തുന്ന ദ്രാവകത്തില്‍ നിന്ന് പുല്‍ത്തൈലം വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മലയോരത്ത് ധാരാളമായി ഉണ്ടായിരുന്ന തെരുവപ്പുല്ല് വാറ്റിയെടുത്ത് പുൽതൈലമാക്കി വിറ്റഴിച്ചാണ് ആദ്യകാല കുടിയേറ്റ കര്‍ഷകരില്‍ പലരും പട്ടിണി അകറ്റിയിരുന്നത്. പിന്നീട് റബറും തെങ്ങും കവുങ്ങും കശുവണ്ടിയുമൊക്കെ ധാരാളമായി പണം നേടിക്കൊടുത്തതോടെയാണ് തെരുവപ്പുല്ല് വാറ്റല്‍ അപ്രത്യക്ഷമായത്. തെരുവപ്പുല്ല് വളര്‍ന്നിരുന്ന മണ്ണൊക്കെ കൃഷിയിടങ്ങളായി മാറുകയും ചെയ്തു. പുൽതൈലത്തിന് നല്ല വില ഇപ്പോഴും ലഭിക്കും. ഗുണനിലവാരത്തിന് അനുസരിച്ച് ലിറ്ററിന് 1250 മുതല്‍ 2500 രൂപ വരെ വില കിട്ടും. ആയുര്‍വേദ ഔഷധ നിര്‍മാണ മേഖലയാണ് പ്രധാന വിപണി. നല്ല വില കിട്ടുമെങ്കിലും ഏറെ അധ്വാനമുള്ള തൊഴിലാണ് തെരുവപ്പുല്ല് വാറ്റി പുല്‍ത്തൈലം ഉണ്ടാക്കിയെടുക്കല്‍. തെരുവപ്പുല്ലിന്റെ ലഭ്യതയും കുറവാണ്. അതുകൊണ്ടാണ് അധികമാരും ഈ രംഗത്തേക്ക് വരാത്തത്.
ചെറിയ പ്രായത്തില്‍ നേടിയ വൈദഗ്ദ്യമാണ് പ്രായാധിക്യത്തിലും തെരുവപ്പുല്ല് വാറ്റി നോക്കാന്‍ പ്രേരണയായതെന്ന് വര്‍ക്കിച്ചേട്ടന്‍ പറയുന്നു. പുതിയ തലമുറയിൽ പെട്ടവര്‍ക്ക് ഈ തൊഴില്‍ പരിചയപ്പെടുത്താനുള്ള ആഗ്രഹവും പ്രചോദനമായി. മലയോര കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്ക് വിലത്തകര്‍ച്ച നേരിടുന്ന സാഹചര്യമാണിപ്പോള്‍. നഷ്ടത്തെ തുടര്‍ന്ന് പലരും കൃഷിതന്നെ ഉപേക്ഷിച്ചു. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ക്ക് വിപണയില്‍ കടുത്ത മത്സരവും നേരിടേണ്ടി വരുന്നുണ്ട്. ഇതിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് പരമ്പരാഗത തൊഴിലായ തെരുവപ്പുല്ല് വാറ്റല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.