തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 22.36 കോടി രൂപ ചെലവിൽ നവീകരണം നടത്തിയ തലശ്ശേരി റെയിൽവേ സ്റ്റേഷൻ വെളളിയാഴ്ച ഉച്ചക്ക് 2.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. ഓൺലൈനായാണ് ഉദ്ഘാടനം. തലശ്ശേരി ഉൾപ്പെടെ സംസ്ഥാനത്തെ നവീകരിച്ച ആറ് റെയിൽവേ സ്റ്റേഷനുകളാണ് ഇതോടൊപ്പം നാടിന് സമർപ്പിക്കുന്നത്.
ഷൊർണൂർ-മംഗളൂരു മെയിൻ ലൈനിലെ പ്രധാനപ്പെട്ട എൻ എസ്.ജി-3 കാറ്റഗറിയിൽപ്പെട്ട തലശ്ശേരി സ്റ്റേഷന്റെ വികസനം മലയോരങ്ങളിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാവും. പ്രതിദിനം ശരാശരി 28,642 യാത്രക്കാർ ആശ്രയിക്കുന്ന ഈ സ്റ്റേഷൻ വഴി ദിവസേന 68 മുതൽ 70 വരെ ട്രെയിനുകളാണ് ഇതുവഴി നിലവിൽ കടന്നുപോകുന്നത്. കേക്ക്, സർക്കസ്, ക്രിക്കറ്റ് എന്നീ മൂന്ന് ‘സി’ കളുടെ നഗരമെന്ന് ഖ്യാതിയുള്ള തലശ്ശേരിയുടെ ചരിത്രപരവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ടാണ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. മലബാർ പാചകരീതി, തെയ്യം കലാസൃഷ്ടികൾ, തലശ്ശേരി കോട്ട, മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച് തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയായ ഈ സ്റ്റേഷന്റെ മുഖച്ഛായ മലബാറിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ഡിസൈനൊപ്പം യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് മാറ്റിയെടുത്തത്.
സ്റ്റേഷന്റെ പ്രധാന കവാടങ്ങൾ മനോഹരമാക്കി. വാഹനങ്ങൾ വരാനും പോകാനുമുള്ള പ്രത്യേക ഡ്രൈവ് വേകളോട് കൂടിയാണ് പ്രവേശന കവാടം നിർമിച്ചത്. എയർകണ്ടീഷൻഡ് വെയ്റ്റിങ് ഹാൾ, ഓപൺ വെയ്റ്റിങ് ലോഞ്ച്, വിശാലമായ കോൺകോഴ്സ്, ആധുനിക ബുക്കിങ് ഓഫിസുകൾ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ടി.സി മുക്ക്, ഗുഡ്സ് ഷെഡ് റോഡ് എന്നിവ വഴിയെത്തുന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സ്വന്തമായി ബുക്കിങ് ഓഫിസ്, കോൺകോഴ്സ്, പോർച്ച്, പാർക്കിങ് സൗകാര്യങ്ങൾ എന്നിവയോടു കൂടിയ രണ്ടാമത്തെ സ്റ്റേഷൻ കെട്ടിടവും നിർമിച്ചു കഴിഞ്ഞു.
പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജിൽ രണ്ട് പുതിയ ലിഫ്റ്റുകൾ സ്ഥാപിച്ചതിനൊപ്പം 17 പുതിയ പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഡിജിറ്റൽ കോച്ച് ഗൈഡൻസ് സിസ്റ്റം, ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേഷൻ ബോർഡുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും തടസ്സമില്ലാതെ സഞ്ചരിക്കാൻ ടാക്റ്റൈൽ വാക്ക്വേകൾ, ഹാൻഡ് റെയിലുകളോട് കൂടിയ റാമ്പുകൾ, ഉയരം കുറഞ്ഞ ബുക്കിങ് കൗണ്ടറുകൾ, പ്രത്യേക ശുചിമുറികൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.
കേരളത്തിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ ആധുനികവൽകരിക്കപ്പെടുന്ന 35 സ്റ്റേഷനുകളിൽ ഒന്നാണ് തലശ്ശേരിയിലേത്. അങ്കമാലി, ചാലക്കുടി, തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ എന്നിവയാണ് നവീകരണം പൂർത്തിയായി നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റു സ്റ്റേഷനുകൾ. തലശ്ശേരിയിലെ ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും പങ്കെടുക്കും. ചടങ്ങിനായി ഒന്നാം പ്ലാറ്റ് ഫോം പ്രവേശന കവാടത്തിന് സമീപം പ്രത്യേക പന്തൽ സജ്ജീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.