ആറളം ഫാമിലെ ആനക്കൂട്ടം
കേളകം: മലയോര ഗ്രാമങ്ങളിലെ ജനങ്ങൾക്കിന്ന് ആനപ്പേടിയിൽ ഉറക്കമില്ലാ രാത്രികളാണ്. ആറളത്തെ ആദിവാസി പുനരധിവാസമേഖലയിൽ വീട്ടുമുറ്റത്ത് കാട്ടാനകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും പ്രദേശത്തെ കാട്ടാനമുക്തമാക്കാനുള്ള പദ്ധതികൾ ഇഴയുകയാണ്. പ്രദേശത്തെ നിരവധി ആളുകളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവങ്ങളുണ്ടായതോടെ ഊർജിതമാക്കിയതാണ് കാട്ടാന പ്രതിരോധനടപടികൾ.
എന്നാൽ, ഇവ ഫലപ്രാപ്തിയെത്തുന്നില്ല. വനാതിർത്തിയിലെ ആനമതിൽ നിർമാണം ഇഴയുകയാണെന്നാണ് ജനങ്ങൾ പറയുന്നത്. ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ കാട്ടാനക്കൂട്ടം വരുത്തുന്ന കൃഷിനാശവും ഭീഷണിയും തുടരുമ്പോൾ പത്ത് വർഷത്തിനിടെ ജില്ലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ 15 പേർക്കാണ് ജീവൻ നഷ്ടമായത്.വന്യജീവികളിൽനിന്ന് സംരക്ഷണം നൽകുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനം പാഴ്വാക്കാകുന്നതിന്റെ തെളിവാണ് വന്യമൃഗങ്ങൾ കാരണമുള്ള മരണങ്ങൾ. ഓരോ ജീവൻ പൊലിയുമ്പോഴും അധികൃതർ വാഗ്ദാനങ്ങൾ നൽകി പ്രതിഷേധം തണുപ്പിക്കുന്നതല്ലാതെ ശാശ്വതപരിഹാരം ഉണ്ടാകുന്നില്ല.
ആറളം ആദിവാസി പുരനധിവാസ മേഖലയെയും ആറളം ഫാമിനെയും രക്ഷിക്കാൻ പത്തര കിലോമീറ്ററിൽ ആനമതിൽ നിർമിക്കുന്നതിന് 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആറളത്ത് ജനവാസ മേഖലയിലും ഫാമിലുമായി മുപ്പതിലധികം ആനകൾ ഇപ്പോഴും താവളമാക്കിയിട്ടുണ്ട്. മതിൽനിർമാണം പൂർത്തിയാകുന്നതോടെ ഇതിനെ വനത്തിലേക്ക് തുരത്തുമെന്നാണ് അധികൃതർ പറയുന്നത്.
അയ്യങ്കുന്ന്, ഉളിക്കൽ, പയ്യാവൂർ, ആലക്കോട്, ചെറുപുഴ പഞ്ചായത്തുകളിൽ കാട്ടാന എത്തുന്നത് കർണാടകയുടെ ബ്രഹ്മഗിരി വന്യജീവിസങ്കേതം വഴിയാണ്. ഇവിടങ്ങളിൽ കാര്യമായ പ്രതിരോധ സംവിധാനങ്ങളില്ല. സോളാർ വേലികൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാലുള്ള സംവിധാനങ്ങൾക്ക് കാട്ടാനയെ പ്രതിരോധിക്കാനും കഴിയുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് മേഖലയിൽ കാട്ടാനക്കൂട്ടം ഉണ്ടാക്കിയിരിക്കുന്നത്. കാട്ടാനശല്യം തുടരുമ്പോൾ നിസ്സഹായതയിലാണ് പ്രദേശത്തെ കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.