upadted കാട്ടാനകൾക്ക് വീണ്ടും 'യാത്രയയപ്പ്'

ആറളം ഫാമും ജനവാസ മേഖലയും താവളമാക്കിയ 10 കാട്ടാനകളെ തുരത്തി കേളകം: ആറളം ഫാമിൽ കാട്ടാന തുരത്തൽ വീണ്ടും തുടങ്ങി. പതിവായി വനത്തിലേക്ക് തുരത്തുകയും വീണ്ടും മടങ്ങിയെത്തുകയും ചെയ്യുന്ന കാട്ടാനക്കൂട്ടത്തെയാണ് വനം വകുപ്പ് പടക്കം പൊട്ടിച്ചും ഒച്ചവെച്ചും വീണ്ടും യാത്രയാക്കുന്നത്. ആറളം ഫാമും ജനവാസ മേഖലയും താവളമാക്കിയ 10 കാട്ടനകളെക്കൂടി കഴിഞ്ഞ ദിവസം വനത്തിലേക്ക് തുരത്തി. ഇതോടെ രണ്ടാഴ്ചയായി ഫാമിലും പുനരധിവാസ മേഖലയിലുമായി നടത്തിയ നീക്കത്തിലൂടെ 24 എണ്ണത്തെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടത്തിവിട്ടു. വനാതിർത്തിയിൽ കാട്ടാന തകർത്ത ആനമതിലിന്റെ പുനർനിർമാണം ആരംഭിച്ചിരിക്കെ, ജനവാസ മേഖലയിലുള്ള ആനക്കൂട്ടങ്ങളെ തകർന്ന മതിലിന്റെ ഭാഗത്തുകൂടി വനത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഫാമിൽ കശുവണ്ടി സീസൺ ആരംഭിച്ചതും ഫാമിനുള്ളിലെ സ്കൂൾ പ്രവർത്തനം തുടങ്ങിയതും കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി തുരത്തൽ നടപടികൾക്ക് വേഗം കുറക്കുകയായിരുന്നു. ഫാമിനുള്ളിലേക്കുള്ള എല്ലാ വഴികളും അടച്ച് മൈക്ക് അനൗൺസ്‌മെന്റ് നടത്തി ആവശ്യമായ സുരക്ഷയൊരുക്കിയ ശേഷമാണ് വീണ്ടും കാട്ടാന തുരത്തൽ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.