യു.ഡി.എഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരി വോട്ടർമാർക്കിടയിൽ
മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഇത്തവണ സി.പി.എമ്മും കോൺഗ്രസും തമ്മിലാണ് മത്സരം. മണ്ഡലം രൂപവത്കൃതമായ ശേഷം നടന്ന മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിലെ ഘടകകക്ഷികളാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞതവണ മത്സരിച്ച ആർ.എസ്.പി. മത്സരത്തിൽനിന്ന് പിന്മാറിയതോടെ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിലാണ് നിലവിലെ എം.എൽ.എയായ കെ.കെ. ശൈലജ വിജയിച്ചത്.
പുതുമുഖത്തെയാണ് സ്ഥാനാർഥിയായി എൽ.ഡി.എഫ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ വി.കെ. സനോജാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എന്നും എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തന്നെയാണ് നേട്ടം. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.കെ. ശൈലജ വിജയിച്ചു നിയമസഭയിലെത്തിയത്. 2024ൽ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 3034 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽ.ഡി.എഫിന് ലഭിച്ചത്. പിന്നീട് വന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള പഞ്ചായത്തുകളിൽ 16,000 വോട്ടിന്റെ ഭൂരിപക്ഷവും എൽ.ഡി.എഫിന് ലഭിച്ചിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥിയായി കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ല പ്രസിഡന്റും മട്ടന്നൂർ നഗരസഭയിലെ ഏളക്കുഴി സ്വദേശിയുമായ ബിജു ഏളക്കുഴിയാണ് എൻ.ഡി.എ സ്ഥാനാർഥിയായി കളത്തിലിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരി രണ്ടാം തവണയും ബിജു ഏളക്കുഴി നാലാം തവണയുമാണ് മത്സരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എൽ.ഡി.എഫ് ഭരിക്കുന്നതിനാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തെക്കാൾ കൂടുതൽ നേടാനുള്ള പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളും എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് സ്ഥാനാർഥി വോട്ട് തേടുന്നത്.
എന്നാൽ, മൂന്നുതവണ ഘടകകക്ഷി മത്സരിച്ച മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയിലൂടെ പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പുകൾ പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാർഥി വോട്ട് തേടുന്നത്. മൂന്ന് മുന്നണികളും മണ്ഡലത്തിൽ വോട്ടു തേടിയുള്ള ശക്തമായ പ്രചാരണമാണ് നടക്കുന്നത്. മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയുടെ പ്രചാരണം. എൻ.ഡി.എ സ്ഥാനാർഥി ബിജു ഏളക്കുഴിയും സജീവമായി കളത്തിലുണ്ട്. തുറന്ന വാഹനങ്ങളിലും മറ്റും എത്തുന്ന സ്ഥാനാർഥികളെ കാണാൻ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കുട്ടികളടക്കമുള്ള നിരവധിപേരാണ് കൂടി നിൽക്കുന്നത്. മുദ്രാവാക്യങ്ങളടക്കം വിളിച്ചാണ് സ്ഥാനാർഥിയെ സ്വീകരണ കേന്ദ്രത്തിൽ സ്വീകരിക്കുന്നത്. പിന്നെ സ്ഥാനാർഥി വോട്ടഭ്യർഥിച്ചുള്ള പ്രസംഗമായിരിക്കും.
ഭരണപക്ഷം വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും പിണറായി സർക്കാരിന്റെ തുടർഭരണം ഉണ്ടാകണമെന്നുമുൾപ്പെടെ പ്രസംഗിക്കുമ്പോൾ സംസ്ഥാനത്ത് വികസനമില്ലായ്മയും യു.ഡി.എഫ് അധികാരത്തിൽ വരണമെന്നതുമുൾപ്പെടെയുള്ളവയാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രസംഗം. എൽ.ഡി.എഫ്, യു.ഡി.എഫിനെതിരെയാണ് എൻ.ഡിഎ. കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എ വോട്ടഭ്യർഥിക്കുന്നത്.
വിദ്യാർഥി ജീവിതകാലം തൊട്ടുള്ള പൊതുപ്രവർത്തനപരിചയ സമ്പത്തുമായാണ് വി.കെ. സനോജ് എന്ന യുവനേതാവ് നിയമസഭ തെരഞ്ഞെടുപ്പിന്റെ മത്സരരംഗത്തേക്കിറങ്ങുന്നത്. ബാലസംഘത്തിൽ തുടങ്ങിയ പൊതുജീവിതത്തിൽ വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലും കായികരംഗത്തും നേതൃപരമായ പങ്ക് വഹിച്ചാണ് മാലൂർ സ്വദേശിയായ വി.കെ. സനോജ് മട്ടന്നൂർ നിയോജകമണ്ഡലത്തിൽനിന്നും ജനവിധി തേടുന്നത്. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയുമാണ്.
കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരിയാണ് മട്ടന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി. കെ.എസ്.യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തിയ ചന്ദ്രൻ തില്ലങ്കേരി കെ.എസ്.യുവിന്റെ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിയാണ് ചന്ദ്രൻ തില്ലങ്കേരി.
ഭാരതീയ ജനതാ പാർട്ടി കണ്ണൂർ സൗത്ത് ജില്ല പ്രസിഡന്റായ ബിജു ഏളക്കുഴി ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി, കണ്ണൂർ ജില്ല പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. മട്ടന്നൂർ നഗരസഭയിലെ ഏളക്കുഴി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.