പയ്യന്നൂർ: പയ്യന്നൂർ റൂറൽ ബാങ്കിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വി. കുഞ്ഞികൃഷ്ണനെതിരെ ബാങ്ക് പ്രസിഡന്റ് പരാതി നൽകി. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് അക്കൗണ്ടിൽ പാർട്ടി ആരെയാണ് വീണ്ടും വീണ്ടും വഞ്ചിക്കുന്നത് എന്ന് തുടങ്ങി പോരാട്ടം തുടരുകയാണ് എന്ന് വരെയുള്ള പ്രസ്താവന പ്രസിദ്ധീകരിച്ചത് പയ്യന്നൂർ റൂറൽ ബാങ്കിനെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി കൂടിയുള്ളതാണെന്നും സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് കെ.കെ. ഗംഗാധരനാണ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയത്.
പ്രസ്താവനയിൽ ആരോപിച്ചിട്ടുള്ള മുഴുവൻ കാര്യങ്ങളും അടിസ്ഥാനരഹിതവും കളവുമാണ്. ബാങ്കിന്റെ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രസ്താവന തെറ്റായതും കുറ്റകരവുമാണ്. വി. കുഞ്ഞികൃഷ്ണൻ മുമ്പ് പയ്യന്നൂർ റൂറൽ ബാങ്കിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
ഇപ്പോൾ നടത്തിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനായി പ്രസിദ്ധീകരിച്ചതാണ്. ബാങ്കിന്റെ രഹസ്യ വിവരങ്ങൾ മേൽപ്രകാരം പരസ്യമായി പ്രസ്താവിച്ചത് ഉപഭോക്താക്കൾക്ക് ബാങ്കിന് മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പയ്യന്നൂർ പൊലീസ് എസ്.എച്ച്.ഒക്ക് നൽകിയ പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.