കണ്ണൂർ ഭാഗത്തേക്കുള്ള സർവിസ് റോഡിൽ യന്ത്രത്തകരാർ മൂലം ലോറി നിന്നുപോയതിനെ തുടർന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്ക്
മാഹി ബൈപാസിൽ ഗതാഗതക്കുരുക്ക് പതിവ്
മാഹി: സിഗ്നൽ പോയൻറിന് ഇരുവശങ്ങളിലുമായി കുഴിച്ചുനീക്കിയ റോഡിൽ വീണ്ടും മണ്ണ് നിറക്കുന്നതിനെ തുടർന്ന് ബൈപാസിൽ ഗതാഗതം നിരോധിച്ചത് വാഹന യാത്രികർക്ക് ദുരിതമായി. കണ്ണൂർ ഭാഗത്തേക്കുള്ള റോഡിൽനിന്ന് എട്ട് മീറ്ററിലേറെ താഴ്ചയിൽ വരെ മണ്ണ് നീക്കിയാണ് സിഗ്നൽ പോയൻറിന് സമീപത്തെ റോഡ് നിർമിച്ചത്.
അര നൂറ്റാണ്ടിലേറെക്കാലം ചുവപ്പുനാടയിൽ കുരുങ്ങിയ ബൈപാസിൽ ചൊക്ലി - മാഹിപാലം റോഡിന് കുറുകെയുള്ള സിഗ്നൽ പോയൻറ് നിർമാണം. ഏതാനും മനുഷ്യർ മരിക്കുന്നതിനും നിരവധി അപകടങ്ങൾക്കും കാരണമായതിന് ശേഷം പരിഹാരമായി നിർമിക്കുന്ന അടിപ്പാതയുടെ ഘടന നിർമാണം പൂർത്തിയായെങ്കിലും മുകളിലൂടെയുള്ള ബൈപാസ് റോഡിൽ മണ്ണ് വീണ്ടും നിറക്കൽ പൂർത്തിയായിട്ടില്ല.
ചൊക്ലി-മാഹി പാലം റോഡിലെ അടിപ്പാത
അതിനാൽ ഈ ഭാഗത്ത് ബൈപാസ് റോഡിലൂടെയെത്തുന്ന ഭാരവാഹനങ്ങൾ ഉൾപ്പെടെ സർവിസ് റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്. ഇതിനു പുറമെ, വാഹനമെങ്ങാൻ ബ്രേക്ക്‌ഡൗണായാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇത്രയൊക്കെ സഹിച്ച് ബൈപാസിൽ കയറുന്ന വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്നുമുണ്ട്. തിങ്കളാഴ്ച സിഗ്നൽ പോയൻറിന് സമീപത്തെ സർവിസ് റോഡിൽ വാഹനം തകരാറിലായതിനെ തുടർന്ന് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെ യാത്രക്കാർ ഏറെ നേരം കുരുക്കിൽപ്പെട്ടു. മാഹി പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തകരാറിലായ വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയാണുണ്ടായത്. കണ്ണൂർ ഭാഗത്തേക്കുള്ള സർവിസ് റോഡിൽ ആദ്യത്തെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് നിർമാണം പൂർത്തിയാകുന്നതുവരെ ബൈപാസിലേക്ക് വാഹനങ്ങൾക്ക് താൽക്കാലികമായി പ്രവേശനം അനുവദിച്ചാൽ ദുരിതത്തിന് ഒരറുതി വരെ പരിഹാരം കാണാൻ കഴിയുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.