തട്ടിപ്പുകേസിലെ പ്രതിയുടെ മുൻകൂർ ജാമ്യഹരജി തള്ളി

തലശ്ശേരി: വന്ധ്യത ചികിത്സ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ച തലശ്ശേരിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. വേണുഗോപാലിന് സഹായ വാഗ്ദാനം നൽകി കബളിപ്പിച്ച് 1.32 കോടി രൂപ കൈക്കലാക്കിയ സംഘത്തിലെ ആറാം പ്രതി നൽകിയ മുൻകൂർ ജാമ്യഹരജി തലശ്ശേരി ജില്ല സെഷൻസ് കോടതി തള്ളി.

പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന തൃശൂർ എളന്തുരുത്തിയിലെ കെ.പി. രാജുവിന്റെ ഹരജിയാണ് ജില്ല ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ തള്ളിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജു. കൊടകര കുഴൽപണക്കേസിലും മറ്റും പ്രതിയായ തലശ്ശേരി എടത്തിലമ്പലം സ്വദേശിയും കൂട്ടുപ്രതികളാണ്.

സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരാണ് ഡോക്ടറെ വഞ്ചിച്ച കേസിൽ കുറ്റാരോപിതരായി ഒളിവിൽ കഴിയുന്നത്. വന്ധ്യത ക്ലിനിക്ക് തുടങ്ങാനായി തൃശൂരിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തരാമെന്ന് വിശ്വസിപ്പിച്ചാണ് തലശ്ശേരിക്കാർ ഉൾപ്പെട്ട തട്ടിപ്പ് സംഘം ഡോക്ടർ വേണുഗോപാലിനെ വഞ്ചിച്ചത്. ഈട് നൽകാൻ സ്വത്തില്ലെന്ന് പറഞ്ഞപ്പോൾ എല്ലാം ഞങ്ങൾ ശരിയാക്കാമെന്നും വായ്പയുടെ പകുതി നൽകിയാൽ മതിയെന്നുമായിരുന്നു ഉപാധി.

ഫൈനാൻസിയേഴ്സിൽ നൽകാനാണെണ് വിശ്വസിപ്പിച്ച് ഒന്നാം പ്രതി ചെക്കുകൾ വാങ്ങി. ഇത് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ. അജിത്ത് കുമാറും പ്രതിഭാഗത്തിനായി അഡ്വ. ജിജേഷ് കുരിക്കളാട്ടുമാണ് ഹാജരായത്.

Tags:    
News Summary - The anticipatory bail rejected in fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.