തലശ്ശേരി നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൻ വി. സതി അവതരിപ്പിക്കുന്നു
തലശ്ശേരി: സാമൂഹിക സുരക്ഷക്കും പശ്ചാത്തല സൗകര്യം വികസനത്തിനും ടൂറിസത്തിനും ഊന്നൽ നൽകുന്ന തലശ്ശേരി നഗരസഭയുടെ 2026-2027 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
143,46,05,882 രൂപ വരവും 120,58,26,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന 22,87,79,382 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭ വൈസ് ചെയർപേഴ്സൻ വി. സതി വെള്ളിയാഴ്ച അവതരിപ്പിച്ചത്. പശ്ചാത്തല സൗകര്യം, ആരോഗ്യം, സ്ത്രീ സൗഹൃദ പദ്ധതികൾ, കായികം എന്നിവക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.
നഗരത്തിന്റെ വികേന്ദ്രീകൃത വികസനം ലക്ഷ്യമിട്ട് കണ്ടിക്കലിനെ നഗരസഭയിലെ ആദ്യ ‘സാറ്റലൈറ്റ് ടൗൺ’ ആയി ഉയർത്തുമെന്നതാണ് പ്രധാന പ്രഖ്യാപനം. കണ്ടിക്കലിലെ ബൈപാസ് പാലത്തിന് താഴെ ഹാപ്പിനസ് പാർക്ക്, ഓപ്പൺ ജിം, ഒരേ മാതൃകയിലുള്ള കിയോസ്കുകൾ എന്നിവ നിർമിക്കും. കണ്ണിച്ചിറ - കണ്ടിക്കൽ പുതിയ റോഡ്, എം.ജി റോഡ് മാതൃകയിൽ ടൗണിലെ മറ്റ് പ്രധാന റോഡുകളുടെ നവീകരണം എന്നിവ നടത്തും. ആസ്തികൾ അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റലൈസ് ചെയ്യാനും നഗരസഭയെ ''ഗ്രീൻ സിറ്റി''യാക്കി മാറ്റാനും ബജറ്റിൽ തുക വകയിരുത്തി.
ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയിൽ കായിക മേഖലക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആധുനിക രീതിയിലുള്ള നീന്തൽ കുളം, പവലിയൻ, ക്രിക്കറ്റ് മ്യൂസിയം എന്നിവ സ്ഥാപിക്കും. പഴയ ബസ് സ്റ്റാൻഡിൽ മാനവീയം മാതൃകയിൽ സൺഡേ മാർക്കറ്റും നൈറ്റ് മാർക്കറ്റും ആരംഭിക്കും. 160 വർഷം പഴക്കമുള്ള നഗരസഭയുടെ പഴയ കൗൺസിൽ ഹാൾ നവീകരിച്ച് ആധുനിക കോൺഫറൻസ് ഹാളും ചരിത്ര മ്യൂസിയവുമാക്കും.
കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ടൗൺ ഹാൾ ആധുനിക രീതിയിലുള്ള കൺവെൻഷൻ സെന്ററായി പുതുക്കിപണിയും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. കീർത്തി ഹോസ്പിറ്റൽ പൊളിച്ചുമാറ്റി അവിടെ ''ഷീ-ലോഡ്ജ്'' സ്ഥാപിക്കും. വനിത സംരംഭങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകും. പൂർണമായും കിടപ്പിലായ ഭിന്നശേഷിക്കാർക്ക് പെൻഷന് പുറമെ പ്രതിമാസം 1000 രൂപ അധികമായി നൽകും. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി തലശ്ശേരി ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് രണ്ടാമത്തെ യൂനിറ്റ് തുടങ്ങാനും ബജറ്റിൽ തീരുമാനമുണ്ട്. തലശ്ശേരി ആയുർവേദ ആശുപത്രി കണ്ടിക്കലിലേക്ക് മാറ്റും.
വിദ്യാഭ്യാസ മേഖലയിൽ നഗരസഭ പരിധിയിലെ എല്ലാ സ്കൂളുകളിലും ആഴ്ചയിൽ ഒരിക്കൽ സാഹിത്യ സമാജം സംഘടിപ്പിക്കും. സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ പി.ടി.എ സഹകരണത്തോടെ സോളാർ പാനലുകൾ സ്ഥാപിക്കും. ടൂറിസം മേഖലയിൽ കുണ്ടുചിറ - എരഞ്ഞോളി ബോട്ട് സർവീസ്, കടൽപാലത്തിന് സമീപം ഫുഡ് കോർട്ട്, കണ്ടൽ പാർക്ക് എന്നിവ നിർമിക്കും.
സൈദാർ പള്ളിക്കടുത്ത കുഞ്ഞാലി മരക്കാർ പാർക്ക്, ടി.സി റോഡിലെ പഴശ്ശിരാജ പാർക്ക് എന്നിവ നവീകരിക്കും. ഗോപാലപേട്ട കൊക്കപ്പുറത്ത് ചിൽഡ്രൻസ് പാർക്ക് സ്ഥാപിക്കും. മഞ്ഞോടിയിൽ ക്ഷേത്ര പ്രവേശന സ്മാരക സ്ക്വയർ നിർമിക്കും. തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കും. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വി.എം. സുകുമാരൻ, ജിഷ കളത്തിൽ എന്നിവർ പിന്താങ്ങി. 22.87 കോടി രൂപയുടെ നീക്കിയിരിപ്പോടെ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ച ശനിയാഴ്ച രാവിലെ 10.30ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.