തലശ്ശേരി ജനറൽ ആശുപത്രി കവല

അപകടക്കെണിയായി ഗുണ്ടർട്ട് റോഡ്

തലശ്ശേരി: ദേശീയപാതയിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഗുണ്ടർട്ട് റോഡിലൂടെയുള്ള യാത്ര പേടിസ്വപ്നമാകുന്നു. കണ്ണൂർ -കോഴിക്കോട് റൂട്ടിലേക്കുള്ള ചെറുതും വലുതുമായ വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്നത് വളരെ ഇടുങ്ങിയ ഈ റോഡിലൂടെയാണ്.

വാഹനങ്ങൾക്കിടയിലൂടെ ഏറെ ഭീതിയോടെയാണ് റോഡിനിരുവശത്ത് കൂടിയുള്ള കാൽനടയാത്ര. കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്. ടൗണിൽ മരുന്ന് വാങ്ങാനെത്തിയ കാവുംഭാഗം കയനോത്ത് വീട്ടിൽ കെ.പി. പത്മകുമാരി (60) ബുധനാഴ്ച ഉച്ചക്ക് ശേഷം ജനറൽ ആശുപത്രി പരിസരത്ത് കണ്ടെയ്നർ ലോറി ഇടിച്ച് മരിച്ചതോടെ ഇതുവഴിയുള്ള നിത്യയാത്രക്കാരുടെ ഭീതി ഇരട്ടിച്ചു.

തലശ്ശേരി ജനറൽ ആശുപത്രി, അഗ്നിരക്ഷസേന, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പൊലീസ് സ്റ്റേഷൻ, കോട്ട, സ്റ്റേഡിയം, സ്വകാര്യ ബാങ്കുകൾ മെഡിക്കൽ ലാബുകൾ എന്നിവിടങ്ങളിലേക്ക് ആളുകൾ നിത്യവും പോകുന്ന ഗുണ്ടർട്ട് റോഡിൽ കാൽനട ഏറെ ദുഷ്കരമാണ്.

റോഡ് മുമ്പുള്ളതിനേക്കാൾ ഉയർത്തിയതോടെയാണ് കാൽനട അസാധ്യമായത്. റോഡിന്റെ പ്രതലം നേരെയാക്കാത്തതിനാൽ വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാർ സ്ഥാപനങ്ങളുടെ വരാന്തയിലേക്ക് മാറിനിൽക്കേണ്ട അവസ്ഥയാണ്. ജനറൽ ആശുപത്രി കവലയിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരില്ല. മന്ത്രിമാരുടെ വാഹനങ്ങൾ കടന്നുവരുന്ന സമയത്ത് മാത്രമെ ട്രാഫിക് പൊലീസുകാരെ കാണുകയുള്ളൂ.

വിദ്യാലയങ്ങൾ അടുത്തയാഴ്ച തുറക്കുന്നതോടെ ഗുണ്ടർട്ട് റോഡിലെ തിരക്ക് വർധിക്കും. കണ്ണൂരിൽ നിന്നുള്ള ലോറിയടക്കമുള്ള വലിയ വാഹനങ്ങൾ ദേശീയപാത വീനസ് കവലയിൽ നിന്ന് ഗുഡ്സ് ഷെഡ്റോഡ് വഴി തിരിച്ചുവിട്ടാൽ ഗുണ്ടർട്ട് റോഡിലെ തിരക്ക് ഒഴിവാക്കാനാവും.

Tags:    
News Summary - Gundert Road as a danger trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.