കടുവയുടെ തോല്‍, പല്ലുകള്‍, നഖം എന്നിവയുമായി പിടിയിലായ സംഘം
തലശ്ശേരി: കടുവയുടെ തോല്‍, പല്ലുകള്‍, നഖം എന്നിവ വില്‍പന നടത്താന്‍ ശ്രമിച്ച ഏഴംഗസംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലന്‍സും ചേര്‍ന്ന് പിടികൂടി. കൊട്ടിയൂര്‍ റേഞ്ച് ഓഫിസര്‍ ടി. നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജന്‍സിന്റെ രഹസ്യവിവര പ്രകാരം കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്. വൈശാഖിന്റെ നിര്‍ദേശത്തില്‍ കതിരൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
ആദ്യഘട്ടത്തില്‍ എരുവട്ടി സ്വദേശി എന്‍. അശ്വിന്‍, ചെറുവാഞ്ചേരി സ്വദേശികളായ പി.എം. സന്ദീഷ്, സി.ബാലന്‍ എന്നിവരെ പിടികൂടി. ഇവരില്‍ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിൽ കല്ലിക്കണ്ടി സ്വദേശി കെ.കെ ശരത് , മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിലെ വി.കെ. വിതുല്‍, മലാല്‍ സ്വദേശി ടി.പി. രഖില്‍ എന്നിവരെ പിടികൂടി.കടുവയുടെ ശരീരഭാഗങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പിടിച്ചെടുത്തു.
കൊട്ടിയൂര്‍ റേഞ്ച് ഓഫിസര്‍ നിതിന്‍ രാജ്, കണ്ണൂര്‍ വിജിലന്‍സ് റേഞ്ച് ഓഫിസര്‍ വി. ജയപ്രകാശ്, തോലമ്പ്ര സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.കെ. രമ്യ, ബി.സി. വിപീഷ്, കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി. മുകേഷ്, സി. ഷിനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ വിജിലന്‍സ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ഷജ്‌ന, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.