ദേവികയെ അവസാന നോക്ക് കാണാനായില്ല, ഒടുവിൽ ജപ്പാനിൽനിന്ന് ഇന്ന് ചിതാഭസ്മം വീട്ടിലെത്തും

തിരുവനന്തപുരം: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവിക(22)യുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും. മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മകളുടെ ചിതാഭസ്മമെങ്കിലും എത്തിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 2.30ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ച ചിതാഭസ്മം നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങി ദേവികയുടെ ജന്മനാട്ടിലെ വീട്ടിലെത്തിക്കും. വൈകീട്ട് 3.30 ഓടെ കണ്ണൂരിലെ വീട്ടിലെത്തിക്കാനാണ് ശ്രമം.

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ രണ്ടിനാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും തുടര്‍നടപടികളുടെ ഏകോപനത്തിനും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോര്‍ക്ക റൂട്ട്സ് നേതൃത്വം നല്‍കി.

ഇരിക്കൂര്‍ എം.എല്‍.എ അഡ്വ സജീവ് ജോസഫും ഇതിനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കി. ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.

Tags:    
News Summary - Devika's ashes to arrive from Japan today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.