പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവിസ് നിലച്ചതിനാല്‍ അഴീക്കോട് ബോട്ട് കടവിൽ കെട്ടിയിട്ട നിലയില്‍
അഴീക്കോട്: പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവിസ് നിലച്ചു. ബോട്ടിന്റെ കാലപ്പഴക്കവും യന്ത്രത്തകരാറും കാരണം അഴീക്കോട്ടെ ബോട്ട് പാലം കടവിൽ ബോട്ട് കെട്ടിയിട്ട നിലയിലായിട്ട് മാസങ്ങളായി. പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവിസ് പുനരാരംഭിക്കാത്തതിൽ ബോട്ട് യാത്രക്കാർ ദുരിതത്തിലാണ്. യന്ത്രത്തകരാറിനെ തുടർന്ന് 2022 ഡിസംബറിലാണ് സർവിസ് നിർത്തിയത്. വാട്ടർ ടാക്സി സർവിസും നിലച്ചിട്ടും മാസങ്ങളായി. ഇരുബോട്ടുകളും അഴിക്കൽ ബോട്ട് പാലം ബോട്ട് ജെട്ടിയിൽ അറ്റകുറ്റപ്പണിക്കായി കെട്ടിയിരിക്കുകയാണ്.
പതിവായി രാവിലെ 9.30ന് പറശ്ശിനിക്കടവിൽനിന്ന് പുറപ്പെട്ട് പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, പാറക്കൽ, മാങ്കടവ്, വളപട്ടണം, അഴിക്കൽ ജെട്ടികളുമായി ബന്ധിച്ച് ഒന്നര മണിക്കൂറിനകം മാട്ടൂൽ സൗത്ത് ബോട്ട്ജെട്ടിയിലെത്തുന്ന രീതിയിലായിരുന്നു സർവിസ്. തിരികെ 11.45ന് യാത്ര ആരംഭിച്ച് 1.15ന് പറശ്ശിനിയിലെത്തുന്ന ബോട്ട് വളപട്ടണത്തേക്കാണ് പോകുക. എല്ലാ സർവിസിലും നിരവധി യാത്രക്കാരുണ്ടായിരുന്നു.
എന്നാൽ അഴീക്കോട് നിന്നും കുറഞ്ഞ ദൂരമായ മാട്ടൂലിലേക്ക് ഓരോ അരമണിക്കൂർ ഇടവിട്ട് മറ്റൊരു ബോട്ട് സർവിസ് നടന്നു വരുന്നുണ്ട്.
നിലവിലുള്ള ബോട്ട് സർവിസ് പുനരാരംഭിക്കാൻ ബോട്ടിന് വിദഗ് ധചികിൽസ ആവശ്യമാണ്. തുടക്കത്തിൽ യന്ത്രത്തകരാർ നേരിട്ടതിനാലാണ് സർവിസ് നിർത്തിയത്. ആലപ്പുഴയിൽനിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 90 എച്ച്. പി. ലയലൻറ് എഞ്ചിൻ എത്തിച്ചാണ് പുനഃസ്ഥാപിച്ചത്.
തുടർന്നുള്ള പരിശോധനയിൽ ബോട്ടിന്റെ അടിവശത്തെ ഏതാനും ഭാഗങ്ങൾ ഉപ്പുവെള്ളത്തിലൂടെ ഓടുന്നതിനാൽ ദ്രവിക്കാനിടയായി. ഇത് ഗുരുതരമായ അപകടങ്ങൾക്ക് വഴിയൊഴുക്കുന്നതിനാലാണ് അഴീക്കോട് ബോട്ട് പാലം കടവിൽ കെട്ടിയിട്ടിരിക്കുന്നത്.
എൻജിൻ മാറ്റി സ്ഥാപിച്ചെങ്കിലും ഉപ്പുവെള്ളത്തിലൂടെ ഓടുന്നതിനാൽ ബോട്ടിന്റെഅടിഭാഗവും ഉപ്പ്കാറേറ്റതിനാൽ മറ്റ് ഭാഗവും ദ്രവിച്ച നിലയിലാണ്. ഇതും പുതുക്കി പണിയേണ്ടതുണ്ട്. അതിനായി ആലപ്പുഴയിൽ നിന്നും വിദഗ്ദരായ എൻജിനീയർമാരെത്തി ബോട്ട്പരിശോധന നടത്തി ഗേജിങ്ങ് നടത്തണം.
അതിനായി ബോട്ട് കരയിലേക്ക് കയറ്റിയാണ് അടിഭാഗം പരിശോധിക്കുക. പരിശോധനയിൽ മാത്രമേ എത്ര മാത്രംകേടുകൾ സംഭവിച്ചെന്ന് കാണാൻ സാധിക്കൂ. പരിശോധന റിപ്പോർട്ട് കിട്ടിയാൽ ടെൻഡർ നടപടികളിലൂടെയാണ് റിപ്പയർ നടത്താൻ സാധ്യമാകൂ. അതിനായി അഴീക്കോട് കടവിൽ നിന്നും മറ്റൊരു ബോട്ടിൽ കെട്ടിവലിച്ച് പയ്യന്നൂർ യാഡിൽ എത്തിക്കണം. ലക്ഷക്കണക്കിന് രൂപയും ദീർഘനാളത്തെ സമയവുമെടുക്കുന്നതാണ് റിപ്പയർ പ്രവർത്തികൾ. ഓരോമൂന്നു വർഷം കൂടുമ്പോഴും ബോട്ട് ഗേജിങ്ങ് നടത്തി ജലഗതാഗത വകുപ്പിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റോടെയാണ് ബോട്ട് സർവിസ് നടത്തി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.