കണ്ണൂര്‍: ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ കുഞ്ഞാമിനയെ (60) അറുകൊല ചെയ്ത കേസില്‍ രണ്ട് പ്രതികൾ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പിടിയിലായി.ന്യൂഡല്‍ഹി നാങ്ങളോയി സ്വദേശികളായ പര്‍വീണ്‍ ഭാനു (55), മകള്‍ സക്കീന ഫാത്തിമ (32) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീര്‍ കല്ലേൻ അറസ്റ്റ് ചെയ്തത്.മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വെച്ച് സാഹസികമായാണ് കൊല നടന്ന് പത്ത് വർഷം തികയാനിരിക്കെ പ്രതികളെ പിടികൂടിയത്. പിടിയിലായ രണ്ടുപേരെയും വിമാനമാര്‍ഗം കണ്ണൂരിലെത്തിച്ച് ക്രൈംബ്രാഞ്ച് ഓഫിസില്‍ വിശദമായി ചോദ്യംചെയ്തു. പര്‍വീണ്‍ ബാനുവിന്റെ മകന് അമീര്‍ അലി എന്ന ആര്യനും (30) പൊലീസ് വലയിലായതായി സൂചനയുണ്ട്.
2016 ഏപ്രിൽ 30നാണ് സിദ്ദീഖ് നഗറിലെ പരേതനായ മൊയ്തീന്റെ ഭാര്യ സബീന മന്‍സിലില്‍ കുഞ്ഞാമിന കവര്‍ച്ചക്കിടയിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവദിവസം അവരുടെ മകന് ഉമ്മറിന് വിദേശത്തേക്ക് പോകാന്‍ വിസ ലഭിച്ചിരുന്നു.ഈ സന്തോഷം ആദ്യം ഉമ്മയുമായാണ് പങ്കുവെക്കേണ്ടത് എന്ന മനസ്സോടെ ഉമ്മര്‍ പലതവണ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ഉമ്മയുടെ പേരുവിളിച്ച് പിന്‍വാതിലിലൂടെ അകത്തുകയറിയെങ്കിലും അവിടെയൊന്നും അവര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വീടുകളില്‍ അന്വേഷിച്ചുവെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. അതിനിടയിലാണ് വൈകുന്നേരത്തോടെ തൊട്ടടുത്ത് കുഞ്ഞാമിനയുടെ തന്നെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സിന്റെ മുകള്‍നിലയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയത്. എന്നാല്‍, ക്വാര്‍ട്ടേഴ്സിന്റെ മുകള്‍നിലയില്‍ വെള്ളമുണ്ടായിരുന്നില്ല.
ഇതേത്തുടര്‍ന്ന് താഴത്തെനിലയില്‍ നോക്കിയപ്പോള്‍ വാതില്‍ അടച്ചനിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ദേഹമാസകലം കുത്തേറ്റ് രക്തത്തില്‍ കുളിച്ചനിലയില്‍ കുഞ്ഞാമിനയെ കണ്ടെത്തിയത്. പത്തൊമ്പതോളം കുത്തേറ്റിരുന്നു.അവരുടെ ദേഹത്തുണ്ടായിരുന്ന പത്ത് പവനോളം സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഈ ക്വാര്‍ട്ടേഴ്സില്‍ ഒരു മാസം മുമ്പ് വാടകക്ക് താമസിക്കാനെത്തിയ ഉമ്മയും മകളും മകനും ഉള്‍പ്പെട്ട സംഘം രാവിലെ 9.30ഓടെ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞുപോയിരുന്നു.രാവിലെ എട്ട് മണിക്കും 9.30നും ഇടയിലാണ് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇരിക്കൂറില്‍നിന്ന് ഓട്ടോറിക്ഷയില്‍ മട്ടന്നൂരിലെത്തി അവിടെനിന്ന് കണ്ണൂരിലേക്ക് ബസ് കയറി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം അന്ന് പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ പല ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി രംഗത്തുവരികയും ചെയ്തിരുന്നു. ഓള് ഇന്ത്യ ക്രൈം കോണ്‍ഫറന്‍സില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു കുഞ്ഞാമിന വധം.ഒരു സ്ത്രീയും രണ്ട് മക്കളും ഉള്‍പ്പെട്ട സംഘം നടത്തിയ കൊലപാതകം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ കഴിയാതിരുന്നത് മികച്ച അന്വേഷണ പാരമ്പര്യമുള്ള കേരള പൊലീസിന് നാണക്കേടായി മാറുകയുംചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകി പ്രതികള്‍ പിടിയിലായതോടെ സേനക്ക് അഭിമാനമായി മാറിയതോടൊപ്പം ഇരിക്കൂറിലെ ജനങ്ങള്‍ക്ക് ആശ്വാസകരമായി മാറുകയുംചെയ്തു.
എസ്.ഐമാരായ മുഹമ്മദ് റൗഫ്, ഗിരീഷ്കുമാര്‍, സുധീഷ്, എ.എസ്.ഐ മഞ്ജുള എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചോദ്യംചെയ്യലിനുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.