പാനൂർ: കെ.പി. മോഹനൻ എം.എൽ.എയെ കൈയേറ്റംചെയ്ത സംഭവത്തിൽ പ്രതികളായ 10 ജനകീയ സമരസമിതി പ്രവർത്തകർക്ക് ചൊക്ലി പൊലീസ് നോട്ടീസ് നൽകി. കരിയാട് സ്വദേശികളായ ജനകീയ സമരസമിതി പ്രസിഡന്റ് എം.ടി. അരവിന്ദാക്ഷൻ, സി.കെ. രവിശങ്കർ, അജിത്കുമാർ, കുമാരൻ, ഷനൂപ്, പത്മദാസൻ, സന്തോഷ്, സുരേഷ് ബാബു, സജീവൻ, ഗോവിന്ദൻ എന്നിവർക്കാണ് പൊലീസ് വെള്ളിയാഴ്ച നോട്ടീസ് നൽകിയത്.
കണ്ടാലറിയാവുന്ന 15 പേരടക്കം 25 പേർക്കെതിരെയാണ് കേസെടുത്തത്. കരിയാട് ഭാരതീപുരം ബസ് സ്റ്റോപ്പിന് സമീപം പാനൂർ നഗരസഭ 65ാം നമ്പർ അംഗൻവാടി ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് എം.എൽ.എയെ പ്രതിഷേധക്കാർ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്.
കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മലിനജല പ്രശ്നത്തിൽ എം.എൽ.എ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. സംഭവത്തിൽ എം.എൽ.എക്ക് പരാതിയില്ലെന്ന് പറഞ്ഞുവെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അടുത്ത ദിവസംതന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സമരസമിതി പ്രവർത്തകർ അംഗൻവാടി ഉദ്ഘാടനത്തിനെത്തിയ തന്നോട് പ്രകോപനപരമായാണ് പെരുമാറിയതെന്ന് കെ.പി. മോഹനൻ എം.എൽ.എ പ്രതികരിച്ചു. കൈയേറ്റം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. പൊതുപരിപാടിക്കെത്തിയ എം.എൽ.എയെ കൈയേറ്റം ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.
പാനൂർ: കരിയാട് അംഗൻവാടി ഉദ്ഘാടനത്തിനെത്തിയ കെ.പി. മോഹനൻ എം.എൽ.എയെ കൈയേറ്റം ചെയ്ത സമരസമിതി പ്രവർത്തകരുടെ നടപടിക്കെതിരെ പാനൂർ നഗരസഭ കൗൺസിൽ യോഗം പ്രമേയം പാസാക്കി. എൽ.ഡി.എഫ് അവതരിപ്പിച്ച പ്രമേയത്തെ ഭരണപക്ഷമായ യു.ഡി.എഫും അനുകൂലിച്ചു.
എൽ.ഡി.എഫിലെ അംഗം എം.പി. ശ്രീജയാണ് നഗരസഭ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ എതിർത്ത് സംസാരിച്ച ബി.ജെ.പി കൗൺസിലർ എം. രത്നാകരൻ സമരസമിതി പ്രതിഷേധത്തിലേക്ക് അതിക്രമിച്ച് കടന്ന എം.എൽ.എ ജനാധിപത്യ രീതിയിൽ നടക്കുന്ന സമരങ്ങളെ കരിവാരിതേക്കാനും അവഹേളിക്കാനുമാണ് ശ്രമിച്ചതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രദേശത്ത് പ്രതിഷേധം ഉണ്ടെന്നറിഞ്ഞ് തിരിച്ചു പോയ എം.എൽ.എയെ വീണ്ടും വിളിച്ചു വരുത്തിയ നഗരസഭ കൗൺസിലർ എം.ടി.കെ. ബാബും സി.പിഎമ്മുമാണ് സംഭവങ്ങൾക്ക് ഉത്തരവാദിയെന്നും ബി.ജെ.പി അംഗം പറഞ്ഞു.
നഗരസഭ ചെയർമാൻ കെ.പി. ഹാഷിമിനെതിരെ പരസ്യമായി വധ ഭീഷണി മുഴക്കിയ ബി.എം.എസ് പ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ് എം.എൽ.എ പരാതിയില്ലെന്ന് പറഞ്ഞിട്ടും സ്വമേധയാ കേസെടുക്കാൻ ധൃതി കാണിച്ചത് ഇരട്ട നീതിയാണെന്ന് കൗൺസിലർ മുസ്ലിം ലീഗിലെ എം.പി.കെ. അയ്യൂബ് പ്രമേയ ചർച്ചയിൽ ആരോപിച്ചു. പ്രമേയത്തെ അനുകൂലിച്ച് ചെയർമാൻ കെ.പി. ഹാഷിം, കൗൺസിലർമാരായ എം.ടി.കെ. ബാബു, കെ.കെ. സുധീർ കുമാർ, പി.കെ. പ്രവീൺ, എം.ടി.കെ. അയ്യൂബ്, അൻസാർ, എൻ.എ. കരീം, എ.എം. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.