കേളോത്ത് തോടിന്റെ പരിസരത്ത് പ്ലാസ്റ്റിക് കൂമ്പാരം; വീടുകളിലേക്ക് മലിനജലം

പാനൂർ: ടൗണിലെ കടകളിലെ മാലിന്യം ഒഴുകിയെത്തി പ്രദേശത്ത് മാലിന്യ കൂമ്പാരമാവുന്നു. മഴപെയ്തതോടെ മാലിന്യജലം സമീപത്തെ വീടുകളിലേക്ക് കയറുന്നതും പതിവായി. ടൗണിലെ നജാത്ത് സ്കൂളിന് പിൻവശത്തെ കേളോത്ത് തോടിലേക്കാണ് ടൗണിലെ ഓടയിൽനിന്ന് മാലിന്യവും പ്ലാസ്റ്റിക്കും ഉൾപ്പെടെ ഒഴുകിയെത്തുന്നത്. ഇതോടെ തോടിന്റെ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും വീടുകളിലേക്ക് വെള്ളം കയറി ഭീഷണിയാവുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ നടത്തിയിട്ടും ടൗണിലെ പല വ്യാപാരികളും പ്ലാസ്റ്റിക് സംസ്കരിക്കാൻ നൽകാതെ ഓവുചാലിൽ തള്ളുകയാണ് ചെയ്യുന്നതെന്ന് പരാതിയുണ്ട്. ടൗണിലെ നാലു ഭാഗത്തും ഓവുചാൽ പൊട്ടിപ്പൊളിഞ്ഞത് മാലിന്യം തള്ളുന്നവർക്ക് അനുഗ്രഹവുമാണ്. കടകളിലെ മാലിന്യം ഓവുചാലിലേക്ക് ഇരുട്ടിന്റെ മറവിൽ കുത്തിയിറക്കുന്നതാണ് പ്രദേശത്ത് നിരവധി കുടുംബങ്ങളുടെ ഉറക്കമില്ലാതാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ശക്തമായ മഴപെയ്യുന്ന ദിവസങ്ങളിൽ മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുകയും വീടുകളിലേക്ക് മലിനജലം കയറുകയുമാണ് ചെയ്യുന്നത്.

ഇത് നിരവധി തവണ നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും എന്നാൽ, നടപടികളൊന്നുമുണ്ടാവുന്നില്ലെന്നുമാണ് പരാതി. പാനൂർ നഗരസഭയിലെ നാല്പതാം വാർഡിലാണ് രൂക്ഷമായി ഈ പ്രശ്നം അനുഭവിക്കുന്നത്. ടൗണിലെ ഓവിൽനിന്ന് തോട്ടിലേക്ക് ഒഴുകുന്ന സ്ഥലത്ത് പ്ലാസ്റ്റിക്കും മറ്റും ഒഴുകിവരാത്ത രീതിയിൽ സംവിധാനമൊരുക്കിയാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാവും.

Tags:    
News Summary - Plastic heap in the vicinity of Keloth River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.