മോഷ്ടാക്കൾ കുത്തിതുറന്ന ഇലക്ട്രോണിക്സ് കടയുടെ ഷട്ടറിന്റെ ഭാഗം ഇരിട്ടി എസ്.ഐ
എ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധിക്കുന്നു
ഇരിട്ടി: ഇരിട്ടി ടൗണിലെ ഇലക്ട്രോണിക്സ് കടയിൽ വൻ മോഷണം. ഐഫോണുകൾ അടക്കം 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു. ഇരിട്ടി പയഞ്ചേരി മുക്കിലെ ഇ-പ്ലാനറ്റിലാണ് മോഷണം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വ്യാഴാഴ്ച പുലർച്ച 2.30നും 3.30നുമിടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവനക്കാർ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടർ പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷോപ്പിനുള്ളിലെയും സമീപത്തെയും നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേരാണ് മോഷണത്തിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായി. രണ്ടു പേർ മുഖംമൂടി ധരിച്ചതായും കണ്ടെത്തി. ഒരാളുടെ രൂപം വ്യക്തമായി കാമറയിൽ പതിഞ്ഞിട്ടില്ല.
ഷട്ടറിന്റെ നടുഭാഗം തകർത്താണ് മോഷ്ടാക്കൾ കടക്കുള്ളിൽ കടന്നത്. തുടർന്ന് പണം സൂക്ഷിക്കുന്ന കൗണ്ടറിനും തൊട്ടടുത്തുള്ള മൊബൈൽ വിൽപന വിഭാഗത്തിലും എത്തി. മൊബൈൽ ഫോണുകളുടെ കവറുകൾ തുറന്ന് ഫോണുകൾ മാത്രം എടുത്തുമാറ്റിയാണ് മോഷണം നടത്തിയത്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഐഫോണുകളും മറ്റു ഫോണുകളുമാണ് മോഷണം പോയത്. ഇലക്ട്രോണിക്സ് കടയുടെ മുന്നിലായി 24 മണിക്കൂർ പ്രവർത്തിക്കുന്ന പൊട്രോൾ പമ്പും ഹോട്ടലും ഉണ്ട്.
ഷോപ്പിനു മുന്നിൽ ഓഫറുകൾ വാഗ്ദാനം നൽകിയ കമാനം സ്ഥാപിച്ചിരുന്നു. ഇതിനെ മറയാക്കിയാണ് ഷട്ടർ തകർത്തതെന്ന് സംശയിക്കുന്നു. മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു ബാഗ് മണത്ത് പൊലീസ് നായ തവക്കൽ കോംപ്ലക്സ് വരെ എത്തിയെങ്കിലും പിന്നിട് തിരിച്ചുവന്നു. മോഷ്ടിച്ച ഫോണുകളുമായി കവർച്ച സംഘം ഇരിട്ടി ടൗൺ ഭാഗത്തേക്കാണ് നീങ്ങിയതെന്ന് സംശയിക്കുന്നു.
ഇരിട്ടി ഡിവൈ.എസ്.പി പി. രാജേഷ്, സി.ഐ വി. സിജിത്ത്, എസ്.ഐ കെ. ഷറഫുദ്ദീൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.