വെള്ളമില്ലാതെ മെലിഞ്ഞുണങ്ങിയ വണ്ണാത്തിപ്പുഴ
പയ്യന്നൂർ: തിരുവാതിര ഞാറ്റുവേലയിലും വെള്ളമില്ലാതെ ജില്ലയിലെ ജലാശയങ്ങൾ. മിക്ക നദികളിലും വെള്ളമില്ല. ഒഴുക്കു പോലും നിലച്ച തോടുകളും അരുവികളും ജില്ലയിലുണ്ട്. ഇത് ജില്ലയുടെ കാർഷിക കലണ്ടറിന്റെ താളം തെറ്റിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴയുടെ അളവിൽ 60 ശതമാനത്തോളം കുറവാണെന്നാണ് കണക്ക്.
നിരവധി ഗ്രാമപഞ്ചായത്തുകൾക്ക് അതിരിട്ടൊഴുകുന്ന വണ്ണാത്തിപ്പുഴയിൽ വെള്ളം തീരെയില്ല. മുൻ വർഷങ്ങളിൽ സീസണിൽ കരകവിഞ്ഞൊഴുകിയ പുഴയാണ് മെലിഞ്ഞുണങ്ങി സഞ്ചരിക്കുന്നത്. പുഴ ഈ രീതിയിൽ മെലിയുന്നത് ആദ്യമാണെന്ന് പഴമക്കാർ പറയുന്നു. മിക്ക പ്രദേശങ്ങളിലും വലിയ മണൽക്കൂനകൾ മാത്രമാണ് പുഴക്കാഴ്ച.
ഒഴുക്ക് മുറിഞ്ഞ പ്രദേശങ്ങളും നിരവധി. ജില്ലയിലെ പ്രധാന നദിയായ പെരുവാമ്പപ്പുഴയുടെ പ്രധാന കൈവഴിയാണ് വണ്ണാത്തിപ്പുഴ. മാതമംഗലം, കടന്നപ്പള്ളി, കാനായി ചെറുതാഴം പ്രദേശങ്ങളിലെ ജലസമൃദ്ധിക്ക് കാരണമായ വണ്ണാത്തിപ്പുഴയും പെരുവാമ്പപ്പുഴയും ഏര്യംപുഴയും മെലിഞ്ഞുതന്നെ. നിരവധി ഗ്രാമങ്ങളുടെ കാർഷിക വിളകളുടെ നിലനിൽപ്പിനെയും കുടിവെള്ള ലഭ്യതയെയും സ്വാധീനിക്കുന്ന പുഴകളിൽ മൺസൂൺ തുടങ്ങി ഒരു മാസമാകുമ്പോഴും വെള്ളം കുറയുന്നത് ദൂരവ്യാപകമായ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജൂണിൽ കാലവർഷം തുടങ്ങിയെങ്കിലും പിന്നീടുള്ള മഴക്കുറവാണ് ജില്ലയിലെ പുഴകൾ വറ്റിവരളാൻ കാരണമായത്. പുഴയിൽ വെള്ളം കുറഞ്ഞത് വലിയ പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുന്നതിനു പുറമെ, കൃഷി പ്രവൃത്തികൾക്കും ദോഷമായി മാറുകയാണ്. പ്രധാനമായും ജില്ലയിലെ നെൽകൃഷി കാലവർഷത്തെ ആശ്രയിച്ചാണ് പരമ്പരാഗതമായി ഷെഡ്യൂൾ ചെയ്യുന്നത്. മഴ ഇല്ലാതായതോടെ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയായി. തോടുകളിൽ നിന്നും മറ്റും വെള്ളം ചിറകെട്ടി കയറ്റി കൃഷി ചെയ്യാൻ സാധിക്കാതെയായി. കൃഷിഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നതിൽ തോടുകളും പുഴകളും കവിഞ്ഞൊഴുകി കലക്കു വെള്ളം കെട്ടി നിൽക്കുന്നത് പ്രധാന പങ്കുവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.