അ​ബ്ര​ഹാം

ടൂറിസ്റ്റ് ബസ് ഡ്രൈവറിൽനിന്ന് എം.ഡി.എം.എ പിടികൂടി

ഇരിട്ടി: ഓപറേഷൻ തൂഫാന്റെ ഭാഗമായി കൂട്ടപുഴയിലെ കേരള-കർണാടക അതിർത്തി ചെക്ക് പോസ്റ്റിൽ പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ 9.511 ഗ്രാം എം.ഡി.എം.എയുമായി ടൂറിസ്‌റ്റ് ബസ് ഡ്രൈവറെ പൊലീസ് പിടികൂടി. ആര്യ ട്രാവൽസ് ബസ് ഡ്രൈവർ പടിയൂർ സ്വദേശി തോമ്പുന്നയിൽ ഡെന്നി അബ്രാഹാമാണ് (39) പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ബസ് പരിശോധനക്കായി നിർത്തുമ്പോൾ മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. പ്രതി ബസിന്റെ പിന്നിലെ ബർത്തിൽ ഉറങ്ങുമ്പോഴാണ് പൊലീസ് എത്തി പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്.

പരിശോധനയിൽ പ്രതി കിടന്ന ബെഡിന്റെ അടിയിൽ ചുവന്ന ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതി എത്തിയ വാഹനം ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇരിട്ടി എസ്.ഐ എൻ. വിപിൻ, എസ്.ഐ ശ്രീനാഥ്, എ.എസ്.ഐ സാരംഗ്, എസ്.സി.പി.ഒ പ്രിയേഷ്, ഡാൻസാഫ് അംഗങ്ങളായ എ.സി. ജിജിമോൻ, എസ്.സി.പിഒമാരായ ഷൗക്കത്തലി, അനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - MDMA seized from tourist bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.