ഇരിട്ടി: ലോകകപ്പ് ഫുട്‌ബാൾ പോസ്റ്ററുകളുടെ പേരിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യം ഉൾപ്പെടുത്തി പോസ്റ്ററുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ്. ചിലയിടങ്ങളിലെ ഭീമൻ പോസ്റ്ററുകളിൽ പുകവലിക്കുന്ന ഫോട്ടോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഇരിട്ടി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സി.പി. സലീം അറിയിച്ചു. 2003ലെ കോട്പ ആക്ട് സെക്ഷൻ അഞ്ച് പ്രകാരം പുകയില ഉൽപന്നങ്ങളുടെ നേരിട്ടോ പരോക്ഷമായോ ഉളള പരസ്യങ്ങൾ, പ്രചാരണങ്ങൾ, പ്രദർശനങ്ങൾ എന്നിവ നിരോധിച്ചിട്ടുള്ളതിനാൽ ഇത്തരം പോസ്റ്ററുകൾ സ്ഥാപിക്കുന്നത് കുറ്റകരമാണ്.
അതിനാൽ ഇത്തരം പോസ്റ്ററുകൾ അടിയന്തിരമായി നിക്കം ചെയ്യുകയോ, പരസ്യഭാഗം പൂർണമായും മറക്കുകയോ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് ഇരിട്ടി ആരോഗ്യ ബ്ലോക്കിലെ പടിയൂർ,ഉളിക്കൽ, വള്ളിത്തോട്, മുഴക്കുന്ന്, മാലൂർ, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ എന്നീ എട്ടു ഗ്രാമ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂർ മുനിസിപ്പാലിറ്റി ഏരിയകളിലുമായി ഹെൽത്ത് ഇൻസ്പക്ടർമാർമാരായ പി. മനോജ് കുമാർ, എം.പി. സുരേഷ്, രാജേഷ്, വി. ജയിംസ്, സി.കെ. ബിനോജ്, വി.എം. ബിജു എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.