പഴയങ്ങാടി: ഉത്തര മലബാറിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ ഫിഷിങ് ഹാർബർ നിർമിക്കുന്നതിന് സാധ്യത പഠനം നടത്തുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ. ആവശ്യമുന്നയിച്ച് എം.വിജിൻ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. തീരദേശത്തെ പ്രകൃതി വ്യവസ്ഥക്ക് പോറലേൽപിക്കാത്ത തരത്തിൽ വിശദപഠനം നടത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയങ്ങാടിയിൽ ഹാർബർ നിർമിക്കാനുള്ള സാധ്യത പഠനമാണ് നടത്തുകയെന്ന് മന്ത്രി വിശദമാക്കി. മൽസ്യ സമ്പത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും മത്സ്യകയറ്റുമതിയിൽ സംസ്ഥാനത്ത് മുൻനിരയിൽ നിൽക്കുന്ന മേഖലയുമാണ് പുതിയങ്ങാടി. മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിൽ മിനി ഫിഷിങ് ഹാർബർ വേണമെന്നുള്ള മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള അഭിലാഷത്തിനാണ് ഇപ്പോൾചിറക് മുളച്ചത് . ഹാർബർ ഇല്ലാത്തതിനാൽ മത്സ്യബന്ധന യാനങ്ങളിൽനിന്ന് മത്സ്യം കരക്കെത്തിക്കാൻ കഴിയാത്തതാണ് ഈ മൽസ്യമേഖലയുടെ പ്രധാന പ്രതിസന്ധി. വലിയ മത്സ്യബന്ധന യാനങ്ങളിൽനിന്ന് ചെറിയ ഫൈബർ ബോട്ടിലേക്ക് മാറ്റുന്ന മത്സ്യം ഏറെ പ്രയാസപ്പെട്ടാണ് കരക്കെത്തിക്കുന്നത്.
സംസ്ഥനത്തിനകത്തും പുറത്തുമായി വിവിധ ഭാഗങ്ങളിലേക്ക് പുതിയങ്ങാടി കടപ്പുറത്തുനിന്ന് മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികൾ ഉൾപ്പടെ മൂവായിരത്തിലേറെ തൊഴിലാളികളാണ് ഇവിടെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിവരുന്നത്. ഹാർബർ ഇല്ലാത്തതും അടിസ്ഥാനപരമായ സൗകര്യങ്ങളുടെ അപര്യാപ്തതയും ഈ മത്സ്യമേഖലയുടെ വികസനത്തിന് വലിയ പ്രതിബന്ധമാണ്. മത്സ്യബന്ധനയാനങ്ങൾ കടലാക്രണത്തിൽ നശിക്കുന്നതും ഇവിടെ പതിവാണ്. വലിയ വള്ളങ്ങളിൽനിന്ന് ചെറിയ ഫൈബർ വള്ളങ്ങളിലേക്ക് മത്സ്യം മാറ്റുന്നതിനിടയിൽ അപകടത്തിൽപെട്ട് ഏതാനും വർഷങ്ങളിലായി മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ജീവഹാനി സംഭവിച്ച മേഖലയാണ് പുതിയങ്ങാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.