തിരുവനന്തപരും: മാഹിയിലേക്കുള്ള മദ്യം കേരളത്തിലേക്ക് തിരിച്ചുവിട്ടതിലൂടെ ഖജനാവിന് 5.10 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് സി.എ.ജി. എക്സൈസ് ജോയിന്റ് കമീഷണർമാർ അനുവദിച്ച ട്രാൻസിറ്റ് പെർമിറ്റുകളുടെ രേഖകൾ ഓഡിറ്റ് സംഘം പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കേരളത്തിലൂടെ കൊണ്ടുപോകുന്നതിന് എക്സൈസ് നൽകുന്ന അനുമതി പത്രമാണ് ട്രാൻസിറ്റ് പെർമിറ്റ്.
ഇവ ഉപയോഗിച്ച് കൊണ്ടുപോയ മദ്യം കേരളത്തിന്റെ അതിർത്തി കടന്ന് മാഹിയിൽ എത്തിയോ എന്ന് അറിയാൻ മാഹി അതിർത്തിയിലുള്ള എക്സൈസ് ചെക്ക് പോസ്റ്റുകളിലെ എക്സിറ്റ് രജിസ്റ്ററുകളുമായി ഒത്തുനോക്കിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. 22 പെർമിറ്റുകളുടെ രേഖകൾ ചെക്ക് പോസ്റ്റുകളിലെ എക്സിറ്റ് രജിസ്റ്ററുകളിൽ കണ്ടെത്താനായില്ല. രേഖകൾ പ്രകാരം പെർമിറ്റുകളിലുണ്ടായിരുന്ന 1,10,720 ബൾക്ക് ലിറ്റർ മദ്യം കേരളത്തിലെ അതിർത്തി കടന്ന് മാഹിയിലേക്ക് പോയിട്ടില്ല. ഇത്തരത്തിൽ അതിർത്തി കടക്കാത്ത മദ്യം കേരള വിപണിയിലേക്കുതന്നെ അനധികൃതമായി വിൽപനക്കായി വഴിതിരിച്ചുവിട്ടെന്നാണ് ഓഡിറ്റ് സംശയിക്കുന്നത്.
തിരുവനന്തപുരം: തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സ്റ്റോക്കിൽ കണ്ടെത്തിയ കുറവിലൂടെ സംസ്ഥാന ഖജനാവിനുണ്ടായത് 51.88 കോടി രൂപയുടെ നഷ്ടമെന്ന് സി.എ.ജി. 2021 ജൂൺ 30ന് ഡിസ്റ്റിലറിയിലേക്ക് കൊണ്ടുവരികയായിരുന്ന രണ്ട് ടാങ്കർ ലോറികൾ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ 20,386 ബൾക്ക് ലിറ്റർ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തി.
മധ്യപ്രദേശിൽ വെച്ച് ഇവ അനധികൃതമായി വിൽക്കുകയായിരുന്നു. മോഷണത്തെത്തുടർന്ന് ഡിസ്റ്റിലറിയിലെ സ്റ്റോക്ക് പരിശോധിച്ചപ്പോൾ സംഭരണ ടാങ്കുകളിൽ 4,60,659.1 ബൾക്ക് ലിറ്റർ സ്പിരിറ്റിന്റെകൂടി കുറവ് കണ്ടെത്തി. ത്രൈമാസ സ്റ്റോക്ക് പരിശോധന കൃത്യമായി നടക്കാത്തതിനാൽ മോഷണം യഥാസമയം കണ്ടെത്താനായില്ലെന്നാണ് സി.എ.ജി വിമർശനം.
എന്നാൽ, മോഷണം പോയ സ്പിരിറ്റിലൂടെയുണ്ടായ വരുമാനനഷ്ടം വീണ്ടെടുക്കാനോ കുറ്റക്കാരിൽനിന്ന് തുക ഈടാക്കാനോ വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.