മാഹി: ചുറ്റിലും തെരഞ്ഞെടുപ്പ് ആരവമുയരുമ്പോൾ നിശ്ശബ്ദമായി മാഹി. തെരഞ്ഞെടുപ്പ് നടക്കാത്ത മാഹി നഗരസഭയിൽ 2011ന് ശേഷം തെരഞ്ഞെടുത്ത കൗൺസിലിന്റെ അഭാവത്താൽ 6,000 കോടിയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് നടക്കാത്തതിൽ പുതുച്ചേരിയിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് പരിഭവമില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം കൈവന്നാൽ ചെറു നിയമസഭാ മണ്ഡലങ്ങളിലെ എം.എൽ.എമാർക്ക് അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇതിന് കാരണം. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് കേട്ടു കേൾവിയില്ലാതിരുന്ന നാളുകളിൽ ഫ്രഞ്ച് ഭരണത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തി ഭരണം നിലനിന്നിരുന്ന മാഹി മറുനാട്ടുകാർക്ക് വിസ്മയമായിരുന്നു.
1976 ലായിരുന്നു മാഹിയിലെ മേയര്‍ ഭരണത്തിന് അവസാനമായത്. പിന്നീട് നഗരസഭാ ഭരണത്തിന്റെ മേധാവി മുനിസിപ്പല്‍ ചെയര്‍മാനായി. തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ കൗണ്‍സിലുകള്‍ 1978ല്‍ ഇല്ലാതായി. പകരം ഭരണം കമീഷണര്‍മാരെ ഏല്പിച്ചു.
മൂന്ന് പതിറ്റാണ്ട് കാത്തിരുന്നാണ് 2006ല്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 2011 വരെയായിരുന്നു കൗൺസിൽ കാലാവധി. ആ കൗൺസിലിന്റെ കാലാവധി 2011ൽ കഴിഞ്ഞു. ഇതോടെ ജനാധിപത്യ സ്വഭാവമുള്ള കൗൺസിലിൽ ഇരുളിലേക്ക് മറഞ്ഞു.
അഡ്വ. അശോക് കുമാർ കോടതിയെ സമീപിച്ചതോടെ 2018ൽ തെരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു. എന്നാൽ, സർക്കാർ ഉത്തരവ് പാലിക്കാത്തതിനാൽ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകി. 2021ൽ കോടതി ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടുകയും 2021ൽ രണ്ടുതവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പുതുച്ചേരിയിലെ പ്രതിപക്ഷ നേതാവും മറ്റ് എം.എൽ.എമാരും മദ്രാസ് ഹൈകോടതിയെ സമീപിച്ചതിനാൽ തെരഞ്ഞെടുപ്പ് നീണ്ടുപോയി.
മദ്രാസ് ഹൈകോടതി നിർദേശിച്ചതിനെ തുടർന്ന് ജസ്റ്റിസ് കെ. ശശിധരനെ ഏകാംഗ കമീഷനായി നിയമിച്ചു. മിക്ക തദ്ദേശ സ്ഥാപനങ്ങളും പിന്നാക്ക വിഭാഗത്തിന്റെ കണക്കുകൾ കമീഷന് നൽകിയിട്ടില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് നീളുന്നത്. മാഹി നഗരസഭയിൽ 70 പേർ വേണ്ടിടത്ത് നഗരസഭാ കമീഷണർ, അസിസ്റ്റൻറുമാർ, നാല് ക്ലാർക്കുമാർ, സാനിറ്ററി ഇൻസ്പെക്ടർ, അസി. എൻജിനീയർ, ജൂനിയർ എൻജിനിയർമാർ, ഇലക്ട്രീഷ്യൻ തുടങ്ങി 40 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.