ഹരിത സമൃദ്ധമാവാൻ തദ്ദേശ സ്ഥാപനങ്ങൾ

കണ്ണൂർ: ജില്ലയിൽ ഹരിത സമൃദ്ധി വാർഡ് എന്ന ലക്ഷ്യം നേടാനുള്ള ഇടപെടലുകൾ ശക്തമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഒരു വാർഡിൽ എല്ലാ വീടുകളിലും കൃഷി, ശുചിത്വം, ജലസംരക്ഷണം, ആരോഗ്യ പരിപാലനം, ഊർജ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ വീട്ടുകാരുടെയും സാമൂഹിക-സന്നദ്ധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തി ലക്ഷ്യം കാണുന്ന പ്രവർത്തനമാണ് ഹരിത സമൃദ്ധി.

പദ്ധതി നടപ്പാക്കുന്ന വാർഡുകളിലെ വീടുകളിൽ വിഷരഹിത പച്ചക്കറിക്കൃഷിയും കറിവേപ്പില, മുരിങ്ങ, അഗസ്തി ചീര, നാടൻ ചീര തുടങ്ങി ഏതെങ്കിലും ഇലക്കറി കൃഷിയും നട്ടുവളർത്തുന്നതിന് സംവിധാനമുണ്ടാക്കും. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച 14ാം പഞ്ചവത്സര പദ്ധതി മാർഗരേഖയിലെ നിർദേശങ്ങൾക്കനുസൃതമായാണ് ഹരിത സമൃദ്ധി വാർഡുകൾ എന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത്. ഹരിത ഭവനങ്ങൾ എന്ന ലക്ഷ്യസാക്ഷാത്കാരത്തിലൂടെയാവും ഹരിതസമൃദ്ധി വാർഡുകൾ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുക. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുക.

വാർഡിലെ എല്ലാ വീടുകളിലും ഏതെങ്കിലും ജൈവവള നിർമാണ സംവിധാനം ഉണ്ടാവണമെന്നും പദ്ധതിയിൽ പറയുന്നുണ്ട്. മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ്, റിങ് കമ്പോസ്റ്റ്, കമ്പോസ്റ്റ് കുഴി, ചാണക വളക്കുഴി തുടങ്ങിയവയിലേതെങ്കിലും ഒന്ന് ഓരോ വീട്ടിലും വേണം. ഒരു വീട്ടിലെ അടുക്കള മാലിന്യം, പറമ്പുകളിൽ വീഴുന്ന ഇല തുടങ്ങിയവ ആ വീട്ടിൽതന്നെ വളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കുന്ന വാർഡാണ് ഹരിത സമൃദ്ധി വാർഡ്. എല്ലാ വീടുകളിലെയും അജൈവ മാലിന്യം ഹരിത കർമസേനക്ക് നിർബന്ധമായും കൈമാറണം. സമൃദ്ധി വാർഡിലെ എല്ലാ വീടുകളിലും മലിനജലം ശേഖരിക്കാൻ സോക്ക് പിറ്റുകൾ നിർമിക്കും. വീടുകളുടെ മേൽപുരയിലോ പറമ്പുകളിലോ വീഴുന്ന മഴവെള്ളം ശേഖരിക്കാനും സംവിധാനം ഉണ്ടാക്കും. പറമ്പുകളിൽ വീഴുന്ന മഴവെള്ളം പറമ്പിൽതന്നെ ആഴ്ന്നിറക്കുന്ന രീതിയിൽ മഴവെള്ള സംഭരണത്തിന് പറമ്പുകൾ തട്ട് തിരിക്കുകയോ വരമ്പിടുകയോ ചെയ്യുന്ന പ്രവർത്തനങ്ങളും സമൃദ്ധി വാർഡുകളിൽ ചെയ്യും. വാർഡിലെ വീടുകളിൽ കിണർ റീചാർജ്, അല്ലെങ്കിൽ പിറ്റ് റീചാർജ് എന്നിവയിലേതെങ്കിലും ഒന്ന് ഏർപ്പെടുത്തും. സമൃദ്ധി വാർഡിലെ എല്ലാ വീടുകളിലും പൂർണമായും എല്ലാം എൽ.ഇ.ഡി ബൾബുകളാണ് ഉപയോഗിക്കുന്നതെന്ന കാര്യം ഉറപ്പ് വരുത്തും.

ഫിലമെന്റ് രഹിത വാർഡായി സമൃദ്ധി വാർഡ് മാറും. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾക്ക് പുറമേ എല്ലാ വീടുകളിലും പപ്പായ, പേരക്ക, മാങ്ങ, ചക്ക തുടങ്ങിയവ വീട്ടുപറമ്പിൽതന്നെ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

സമൃദ്ധി വാർഡിലെ സ്വകാര്യ-പൊതുസ്ഥലങ്ങളൊന്നും തരിശിട്ടില്ലെന്ന് ഉറപ്പ് വരുത്താനും സംവിധാനമുണ്ടാക്കും. സമൃദ്ധി വാർഡിലെ കച്ചവട കേന്ദ്രങ്ങൾ ടൗണുകൾ എന്നിവിടങ്ങളിൽ പരമാവധി പൂന്തോട്ടങ്ങൾ, പൂച്ചട്ടികൾ എന്നിവ സ്ഥാപിച്ച് ആകർഷകമാക്കാനുള്ള ശ്രമങ്ങളും സംഘടിപ്പിക്കും. കച്ചവടക്കാരുടെയും ഓട്ടോ- ടാക്സി തൊഴിലാളികളുടെയും പിന്തുണ തേടിയായിരിക്കും ടൗൺ സൗന്ദര്യവത്കരണം നടപ്പാക്കുക.

ജില്ലയിൽ കുറ്റ്യാട്ടൂർ (വാർഡുകൾ-1, 3, 4, 8, 13, 15), കണ്ണപുരം (6, 7, 14, 8, 5 ,13, 11), കൂത്തുപറമ്പ് നഗരസഭ (11, 12, 13, 16, 17), തലശ്ശേരി നഗരസഭ (12, 45), കൂടാളി (16, 2, 17, 5, 14, 11, 8), ചെറുകുന്ന് (3, 4, 5, 7, 8, 10), മൊകേരി (2, 4), എരഞ്ഞോളി (3), അഞ്ചരക്കണ്ടി (7, 14), വേങ്ങാട് (9, 17) തദ്ദേശസ്ഥാപനങ്ങളിൽ ഹരിത സമൃദ്ധി വാർഡ് പദ്ധതി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Local bodies to become greener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.