തലശ്ശേരി: ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ചോർച്ച. ഗത്യന്തരമില്ലാതായതോടെ ഇവിടത്തെ തീവ്രപരിചരണ വിഭാഗം (ഐ.സി.യു) അടച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കണ്ണൂർ, പരിയാരം മെഡിക്കൽ കോളജാശുപത്രികളിലേക്ക് മാറ്റിത്തുടങ്ങി. ഡയാലിസിസ് യൂനിറ്റിലും മോർച്ചറിയിലും ചോർച്ച വ്യാപിച്ചിട്ടുണ്ട്.
ഐ.സി.യുവിലാണ് കൂടുതൽ പ്രശ്നം. അഞ്ച് കുട്ടികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഐ.സി.യുവാണിത്. ഐ.സി.യുവിലുള്ള മോണിറ്റർ, സ്കാനർ ഉൾപ്പെടെ വിലപിടിപ്പുള്ള മെഷീനുകളും സുരക്ഷിത സ്ഥാനത്തേക്ക് അഴിച്ചു മാറ്റി. വിവരം ദുരന്ത നിവാരണ സമിതിക്ക് ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി. പ്രശ്നം പരിഹരിക്കാൻ നഗരസഭ ഇടപെട്ട് 30 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.
എത്രയും വേഗം വാർഡ് നവീകരിക്കാൻ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിഷയം സംബന്ധിച്ച് വിവരങ്ങൾ തേടി മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എ. ശർമിള ആശുപത്രി സൂപ്രണ്ടിന് ഹരജി നൽകി. മേയ് അവസാനവാരം പെയ്ത കനത്ത മഴയിലും വീശിയടിച്ച കാറ്റിലും ജനറൽ ആശുപത്രിയിലെ കടലോരത്തുള്ള ശിശുരോഗ വാർഡിന്റെ മേൽക്കൂരയിൽ പാകിയ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഇളകി വീണിരുന്നു. അതോടെയാണ് വാർഡിന്റെ പല ഭാഗത്തും ചോർച്ച തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.