'തെളിനീരൊഴുകും നവകേരളം' പദ്ധതിക്ക് തുടക്കം

കണ്ണൂർ: ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച 'തെളിനീരൊഴുകും നവകേരളം' കാമ്പയിനിന്റെ ജില്ലതല ഉദ്ഘാടനം കോയ്യോട് മണിയലം ചിറയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ നിര്‍വഹിച്ചു. ജലസ്രോതസ്സുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കോയ്യോട് മണിയലം ചിറയില്‍ ആറ് കിലോമീറ്റര്‍ നീളമുള്ള ചാലത്തോട് ശുചീകരിച്ചാണ് ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചത്.

പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന കാമ്പയിൻ സംഘടിപ്പിക്കും. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തന ഏകോപനത്തിനായി ജലസമിതികള്‍ രൂപവത്കരിച്ചു. പദ്ധതിയുടെ ഭാഗമായി മാലിന്യത്തിന്റെ ഉറവിടങ്ങളെ പട്ടികപ്പെടുത്തല്‍, ജലസ്രോതസ്സുകളുടെ ശുചിത്വാവസ്ഥ വിലയിരുത്തല്‍ എന്നിവ ലക്ഷ്യമിട്ട് ജലസഭകളും വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന് ജനകീയ ശുചിത്വ യജ്ഞം ആരംഭിക്കും. ജലശുചിത്വ സുസ്ഥിരതയ്ക്കായി ജനകീയ ജലവിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കും. വാതില്‍പ്പടി പാഴ്വസ്തു ശേഖരണം നടപ്പാക്കല്‍, ജലസ്രോതസ്സുകള്‍ മലിനീകരിക്കുന്നവര്‍ക്കെതിരെ ജനകീയ വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തല്‍, ജലസ്രോതസ്സുകളിലേക്ക് ജനകീയ പങ്കാളിത്തത്തോടെ 'ജലനടത്തം', വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തല്‍, ജനകീയ ശുചീകരണ യജ്ഞം തുടങ്ങിയവയെല്ലാം കാമ്പയിനിലൂടെ നടക്കും.

Tags:    
News Summary - Launch of Thelineer Ozhukum Nava Keralam project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.