കെ.എസ്.ആർ.ടി.സി ഇന്ന് പത്തിലൊന്ന് മാത്രം

കണ്ണൂർ: കെ.എസ്.ആർ.ടി.സിയുടെ എണ്ണക്കാര്യത്തിൽ തീരുമാനമാകാത്തതോടെ ഞായറാഴ്ച ജില്ലയിൽ 10 ശതമാനം സർവിസുകൾ മാത്രം നിരത്തിലിറങ്ങും. ബസുകളിൽ ഡീസൽ വറ്റിയ നിലയിലാണ്. ശനിയാഴ്ച 60 ശതമാനത്തിലേറെ സർവിസുകൾ മുടങ്ങി. കണ്ണൂരിൽ 37, പയ്യന്നൂർ-23, തലശ്ശേരി-35 എന്നിങ്ങനെയാണ് മുടങ്ങിയ സർവിസുകൾ. ഓടക്കടവ്, പച്ചിലക്കടവ്, ചതിരൂർ, മയ്യിൽ, കീഴ്പ്പള്ളി തുടങ്ങിയ സർവിസുകൾ ഓടിയില്ല.

ഞായറാഴ്ച നാലോ അഞ്ചോ ടൗൺ ടു ടൗൺ സർവിസുകളും അത്യാവശ്യ റൂട്ടുകളിൽ ഓർഡിനറി, ദീർഘദൂര സർവിസുകളും മാത്രമേ നിരത്തിലിറങ്ങൂ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് തുടരുന്ന സാഹചര്യത്തിൽ വരുമാനമില്ലാതെയും യാത്രക്കാരുടെ എണ്ണം കുറഞ്ഞതുമായ സർവിസുകൾ ഓടിക്കേണ്ടതില്ലെന്ന് ചെയർമാന്റെ നിർദേശമുണ്ട്. ഞായറാഴ്ച ഏതാണ്ട് പൂർണമായും ഓർഡനറി സർവിസുകൾ ഓടില്ല. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ ബസുകൾക്ക് സർവിസ് നടത്താനായി 13,500 ലിറ്റർ ഡീസലാണ് ആവശ്യമായുള്ളത്. രണ്ട് ദിവസമായി ഇന്ധന വിതരണം മുടങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച ഡീസൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എണ്ണയുള്ള ബസുകളിൽ നിന്ന് ഊറ്റിയാണ് ശനിയാഴ്ച അത്യാവശ്യ സർവിസുകൾ ഓടിച്ചത്. വിവിധ ഡിപ്പോകൾക്ക് കീഴിലെ പമ്പുകളിൽ നിലവിൽ ആകെ 4,854 ലിറ്റർ ഡീസൽ സ്റ്റോക്കുണ്ടെങ്കിലും ചില്ലറ അളവിലുള്ള എണ്ണ ടാങ്കുകളിൽനിന്ന് എടുക്കാനാവാത്തതിനാൽ ഉപയോഗിക്കാനാവില്ല. കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറച്ചതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. പ്രധാനമായും കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന റൂട്ടുകളിലാണ് യാത്രാദുരിതം ഇരട്ടിച്ചത്.

Tags:    
News Summary - ksrtc kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.