ഗവ. മെഡിക്കൽ കോളജിനു സമീപം പഴയ ദേശീയപാത ഇനി ട്രക് വേ
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് മുൻഭാഗം പഴയ ദേശീയപാതയുണ്ടായ സ്ഥലത്ത് ദീർഘദൂര വാഹനങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ട്രക് വേ ഒരുങ്ങുന്നു. ദേശീയപാതകളിൽ ദീർഘദൂര യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് വലിയ രീതിയിൽ ആശ്വാസമേകുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
സ്ഥലം നിരപ്പാക്കുന്ന ജോലികളാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന യോഗം ഇതിന്റെ നിർമാണം വേഗത്തിലാക്കാൻ നിർദേശം നൽകിയിരുന്നു. 2028ൽ ദേശീയ പാത നവീകരണം പൂർത്തിയാവുന്നതിന് മുമ്പ് ട്രക് വേ പൂർത്തിയാക്കി തുറന്നുകൊടുക്കാനാണ് ലക്ഷ്യം. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം ദീർഘദൂര പാതകളിൽ ഓരോ 50 കിലോമീറ്ററിലും ദീർഘദൂര വാഹന ഡ്രൈവർമാർക്കും വിശ്രമ സൗകര്യം ഒരുക്കണമെന്ന ഉത്തരവിന്റെ ഭാഗമായാണ് മെഡിക്കൽ കോളജ് പരിസരത്ത് പദ്ധതി നടപ്പാക്കുന്നത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ താമസിക്കാൻ സാധിക്കുന്ന രീതിയിൽ അത്യാധുനിക മുറികൾ ഇവിടെ സജ്ജമാക്കും. ദീർഘദൂര യാത്രക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലും ലഘുഭക്ഷണശാലയും ഒരുക്കും. ഒരുസമയം തന്നെ 20 ലധികം വലിയ ചരക്കു വാഹനങ്ങൾക്കു സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ളതാണ് വിശാലമായ ലേ-ബൈ സൗകര്യം.
നീണ്ട ഡ്രൈവിങ്ങിനിടയിൽ ക്ഷീണം മാറ്റാൻ ഡ്രൈവർമാർക്ക് പ്രത്യേക വിശ്രമമുറികളും നവീന രീതിയിലുള്ള ബാത്ത്റൂം സമുച്ചയങ്ങളും ഇവിടെ ഒരുക്കും. ദീർഘദൂര ഡ്രൈവർമാർക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കുന്നതിലൂടെ വണ്ടി ഓടിക്കുമ്പോഴുണ്ടാകുന്ന ഉറക്കവും അതുവഴിയുള്ള റോഡപകടങ്ങളും വലിയ അളവിൽ കുറക്കാൻ ഈ ട്രക് വേ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.